കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്
അറസ്റ്റിലായ ശ്വേത
പാലക്കാട് വാളയാറിൽ നാലു വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയാണ് അറസ്റ്റിലായത്. അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്നാണ് കുട്ടിയുടെ മൊഴി. ശ്വേതയെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. കുട്ടി കിണറ്റിൽ സ്ഥാപിച്ച മോട്ടറിൽ പിടിച്ചുനിൽക്കുകയായിരുന്നു. കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ച ശേഷം എങ്ങനെയാണ് കിണറ്റിൽ വീണതെന്ന് അന്വേഷിച്ചപ്പോഴാണ് അമ്മയാണ് തള്ളിയിട്ടതെന്ന് പറഞ്ഞത്. പൊലീസിനോടും കുട്ടി ഇത് ആവർത്തിച്ചു.
Also Read: കോഴിക്കോട് യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി; പരാതിയുമായി കുടുംബം
ശ്വേതയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും കുട്ടിയുടെ മൊഴി അവർ നിഷേധിച്ചു. തന്റെ സ്വന്തം കുട്ടിയെ താനെങ്ങനെ കിണറ്റിൽ തള്ളിയിടും എന്നായിരുന്നു ശ്വേതയുടെ വാദം. എന്നാൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്വേതയെ അറസ്റ്റ് ചെയ്യുകയായിരുന്നു.