പുടിനുമായി സംസാരിച്ച ശേഷം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും വിവിധ നാറ്റോ അംഗങ്ങളുമായും സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു
ഡൊണാൾഡ് ട്രംപ്, വ്ളാഡിമിർ പുടിന്‍
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെയ് 16ന് ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകൾ ഒരു വഴിത്തിരിവുമില്ലാതെ അവസാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. മെയ് 19ന് പുടിനുമായി സംസാരിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ആഴ്ചയിൽ ശരാശരി 5,000-ത്തിലധികം റഷ്യൻ, യുക്രെയ്ൻ സൈനികരെ കൊല്ലുന്ന 'രക്തച്ചൊരിച്ചിലിന്' തടയിടുന്നതും വ്യാപാരവുമാകും ചർച്ചാ വിഷയങ്ങൾ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പുടിനുമായി സംസാരിച്ച ശേഷം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും വിവിധ നാറ്റോ അംഗങ്ങളുമായും സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു. "കാര്യക്ഷമമായ ഒരു ദിവസമാകും അത്. വെടിനിർത്തൽ സാധ്യമാകും. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അക്രമാസക്തമായ ഈ യുദ്ധം അവസാനിക്കും. ദൈവം നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ!!!," ട്രംപ് ടൂത്ത് സോഷ്യലിൽ കുറിച്ചു.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനായി ഒരു കരാറിൽ ഏർപ്പെടാൻ പുടിൻ തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നുവെന്നാണ് മിഡിൽ ഈസ്റ്റ് യാത്രയ്ക്ക് ശേഷം, മെയ് 16 ന് പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ, റഷ്യക്കെതിരെ ഉപരോധങ്ങളുമായി തന്റെ ഭരണകൂടം മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും യുഎസ് പ്രസിഡന്റ് നൽകി. തന്റെ പങ്കാളിത്തമില്ലെങ്കിൽ യുക്രെയ്നും റഷ്യയുമായി ഒരു കരാർ സാധ്യമാകില്ലെന്നാണ് ട്രംപ് വിശ്വസിക്കുന്നത്.
Also Read: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ 146 മരണം, ആശങ്ക പങ്കുവെച്ച് യുഎൻ
അതേസമയം, ഇസ്താംബുളിൽ നടന്ന സമാധാന ചർച്ചകൾക്ക് റഷ്യ മുന്നോട്ട് വെച്ച ആവശ്യങ്ങളാണ് വിഘാതമായത്. യുക്രെയ്ൻ നിഷ്പക്ഷ പദവി സ്വീകരിക്കുക, മോസ്കോയിൽ നിന്നുള്ള യുദ്ധ നഷ്ടപരിഹാരത്തിനുള്ള അവകാശവാദങ്ങൾ ഉപേക്ഷിക്കുക, ക്രിമിയ ഉൾപ്പെടെയുള്ള (പൂർണമായും റഷ്യൻ നിയന്ത്രണത്തിലല്ലാത്ത) നാല് അധിനിവേശ പ്രദേശങ്ങളുടെയും നഷ്ടം അംഗീകരിക്കുക എന്നിവയുൾപ്പെടെയുള്ള ആവശ്യങ്ങളാണ് റഷ്യ ഉന്നയിച്ചത്.