ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഫോണ്‍ കോള്‍ റെക്കോഡുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഐഎ റാണയുടെ ശബ്ദരേഖ ശേഖരിക്കാന്‍ ഒരുങ്ങുന്നത്.
മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ശബ്ദത്തിന്റെയും കൈയക്ഷരത്തിന്റെയും സാമ്പിളുകള്‍ ശേഖരിക്കാന്‍ അനുമതി നല്‍കി എന്‍ഐഎ പ്രത്യേക കോടതി. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട ഫോണ്‍ കോള്‍ റെക്കോഡുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഐഎ റാണയുടെ ശബ്ദരേഖ ശേഖരിക്കാന്‍ ഒരുങ്ങുന്നത്.
റാണയുടെ കോള്‍ റെക്കോര്‍ഡുമായി ശബ്ദ സാമ്പിള്‍ ഒത്തുനോക്കിയാല്‍, 2008 നവംബറില്‍ മുംബൈയില്‍ 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ഇയാള്‍ ഫോണില്‍ സംസാരിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് എന്‍ഐഎ കരുതുന്നത്. അനുമതി നല്‍കിയ സാഹചര്യത്തില്‍, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിദഗ്ധര്‍ എന്‍ഐഎ ആസ്ഥാനത്ത് വന്ന് ശബ്ദരഹിതമായ ഒരു മുറിയില്‍ നിന്ന് റാണയുടെ ശബ്ദ സാമ്പിളുകള്‍ എടുക്കും.
യുഎസില്‍ നിന്ന് ന്യൂ ഡല്‍ഹിയില്‍ എത്തിച്ച റാണയെ സിജിഒ കോംപ്ലക്‌സിനുള്ളിലെ എന്‍ഐഎ ആസ്ഥാനത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി ചന്ദര്‍ ജിത് സിംഗ് റാണയുടെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ 30നാണ് എന്‍ഐഎയുടെ ആവശ്യം കോടതി പാസാക്കിയത്.
അതേസമയം, കേരളത്തിലേക്കുള്ള യാത്ര അന്വേഷിക്കുന്ന സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള എട്ട് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിരുന്നു. റാണ താമസിച്ചിരുന്ന കൊച്ചി താജ് റസിഡന്‍സിയില്‍ റിക്രൂട്ട്‌മെന്റിന് മുന്നോടിയായി ഇന്റര്‍വ്യൂ നടന്നതായാണ് കണ്ടെത്തല്‍. കൊച്ചിയില്‍ റാണയ്ക്ക് സഹായം നല്‍കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.. സഹായം നല്‍കിയ വ്യക്തി വിദേശത്തേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. റാണയെ ഏപ്രില്‍ 28ന് ശേഷമെ കൊച്ചിയില്‍ എത്തിക്കുകയുള്ളൂ. മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍ സംഘം പരിശോധന നടത്തും. റാണ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ അടിസ്ഥാനത്തിലാണ് കൊച്ചി കേന്ദ്രീകരിച്ച് ഉള്ള അന്വേഷണം.
മുംബൈ ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, 2008 നവംബര്‍ 16നാണ് റാണ കൊച്ചിയില്‍ എത്തിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ താമസിച്ച റാണ തന്ത്രപ്രധാന പലയിടങ്ങളും സന്ദര്‍ശിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ പ്രഥമിക കണ്ടെത്തല്‍. എന്നാല്‍ ഇയാള്‍ ആരൊക്കെയുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നോ എന്തിനാണ് കൊച്ചിയില്‍ എത്തിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎക്കോ കേരളാ പൊലീസനോ കണ്ടെത്താനായിട്ടില്ല. തഹാവൂര്‍ റാണ താമസിച്ചിരുന്ന കൊച്ചി താജ് റസിഡന്‍സിയില്‍ റിക്രൂട്ട്‌മെന്റിന് മുന്നോടിയായുള്ള ഇന്റര്‍വ്യൂ നടന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 2008 നവംബര്‍ 16, 17 തിയതികളില്‍ ഹോട്ടലില്‍ എത്തിയവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും.