ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിച്ചിരുന്നു
അടുത്ത വര്‍ഷത്തെ സെന്‍സസിനൊപ്പം ജാതി സെന്‍സസും ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനത്തിൽ പ്രധാനമന്ത്രിയെ അനുമോദിക്കുന്നുവെന്ന് തുഷാർ വെള്ളാപ്പള്ളി. ഓരോന്നിനും ഓരോ സമയമുണ്ട്. പ്രതിപക്ഷം പറയുന്നതിനും ഒരുപാട് വർഷം മുൻപ് എസ്എൻഡിപി ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ജാതി സെന്‍സസ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിച്ചിരുന്നു. യഥാർഥ കണക്ക് കിട്ടണമെങ്കിൽ സെൻസസ് വരണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ജാതി സെൻസസ് വർത്തമാന കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. കേരളത്തിൽ ഇപ്പോഴും ജാതി, മത, വർണ ബോധമുണ്ട്. ജാതി സർവേ നടപ്പാക്കുമെന്ന കേന്ദ്ര സർക്കാർ തീരുമാനം നല്ലതാണ്. അത് വർത്തമാന കാലത്തിന്റെ ആവശ്യമാണ്.
ജാതി സെൻസസ് നടപ്പാക്കുന്നതിനായി ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നു. കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷം. സംവരണത്തെ സംബന്ധിച്ച് തർക്കമുണ്ട്. ഇതിന് പരിഹാരം കാണാൻ ജാതി സെൻസസിനാകും. സുതാര്യമായ ജാതി സെൻസെസാണ് വേണ്ടത്. കേരളത്തിൽ ജാതിയുണ്ട്, മതമുണ്ട്, വർണവുമുണ്ട്. അങ്ങനെ ഇല്ലെന്നു പറയരുതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.