ഇന്നലെ പേരൂർക്കട എസ്ഐ പ്രസാദിനെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
പേരൂർക്കട സ്റ്റേഷനിൽ ദളിത് സ്ത്രീയായ ബിന്ദു മാനസികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത. വിഷയത്തിൽ അന്വേഷണം നടത്തുന്ന കന്റോണ്മെന്റ് ASI ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, ഇന്നലെ പേരൂർക്കട എസ്ഐ പ്രസാദിനെ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 23ന് നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മൊഴി ഉൾപ്പെടെ ഇന്നലെ രേഖപ്പെടുത്തിരുന്നു. ഇതിന് പിന്നാലെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. സംഭവത്തിൽ ഉൾപ്പെട്ട ചില ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി എടുക്കാനും നീക്കമുണ്ട്. ഇവ രണ്ടും പരിശോധിച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.
ഇന്നലെ സസ്‌പെൻഡ് ചെയ്ത എസ്ഐ ക്കെതിരെ വകുപ്പ്തല അന്വേഷണം നടക്കുകയാണ്. വിഷയത്തിൽ ഉദ്യോഗസ്ഥരിൽ വലിയ വീഴചയുണ്ടായി എന്നാണ് ഇടതുപക്ഷത്തിന്റെ ഉൾപ്പെടെ നിലപാട്. അതേസമയം, വീട്ടുടമയായ ഓമന ഡാനിയലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനാണ് ബിന്ദുവിന്റെ തീരുമാനം.
നേരത്തെ ബിന്ദു കേസ് കൊടുത്തിട്ട് 15 ദിവസം കഴിഞ്ഞിട്ടും നടപടി എടുത്തിരുന്നില്ല. ഇന്നലെയാണ് ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. ബിന്ദുവിന് പൂർണ പിന്തുണയാണ് പ്രതിപക്ഷ പാർട്ടികൾ നൽകുന്നത്. ഇന്നലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വീട്ടിലെത്തി പിന്തുണ അറിയിച്ചു. ബിജെപി അധ്യക്ഷനും വാർത്തയിൽ പ്രതികരിച്ചിരുന്നു. സർക്കാർ 10ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം.