17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കാനൊരുങ്ങുന്നു. ഇരുവരും വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത 'തഷാന്‍' എന്ന സിനിമയിലാണ് അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ഇരുവരും പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഒരുമിക്കാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മോഹന്‍ലാല്‍ ചിത്രമായ ഒപ്പം പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ചിത്രത്തില്‍ സെയ്ഫ് അലി ഖാനാണ് നായകനായി എത്തുന്നത്. സെയ്ഫിന്റെ വില്ലന്‍ കഥാപാത്രത്തെ ആയിരിക്കും അക്ഷയ് കുമാര്‍ അവതരിപ്പിക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നതെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെയ്ന്‍ ഖിലാഡി തു അനാരി (1994), യേ ദില്ലഗി (1994), തു ചോര്‍ മെയ്ന്‍ സിപാഹി (1996), കീമത്ത് (1998), തഷാന്‍ (2008) എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
2016ലാണ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ഒപ്പം തിയേറ്ററിലെത്തിയത്. പ്രിയദര്‍ശന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധാനവും രചനയും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ജയരാമന്‍ എന്ന അന്ധനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത്.
അതേസമയം കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്ത കേസരി ചാപ്റ്റര്‍ 2ലാണ് അക്ഷയ് കുമാര്‍ അവസാനമായി അഭിനയിച്ചത്. അതോടൊപ്പം പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ചിത്രമായ 'ഭൂത് ബംഗ്ലാ'യില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. ചിത്രം 2026 ഏപ്രില്‍ 2ന് തിയേറ്ററിലെത്തും. ഇതിന് പുറമെ 'ജോളി എല്‍എല്‍ബി 3', 'വെല്‍ക്കം 3', 'ഹൗസ്ഫുള്‍ 5' എന്നീ സിനിമകളും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.