നടന്മാരെ പ്രതി ചേർക്കാനുള്ള തെളിവുകൾ ഇല്ലെന്ന് എക്സൈസ് വ്യക്തമാക്കി
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി അടുത്ത ദിവസം വീണ്ടും ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്തും. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയേയും ഷൈൻ ടോം ചാക്കോയേയും എക്സൈസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ നടന്മാരെ പ്രതി ചേർക്കാനുള്ള തെളിവുകൾ ഇല്ലെന്ന് എക്സൈസ് വ്യക്തമാക്കി.
കേസിലെ പ്രതിയായ തസ്ലീമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കുഷ് വേണോ എന്ന തസ്ലീമയുടെ ചോദ്യത്തിന് വെയിറ്റ് എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. നടന്മാരെ പ്രതി ചേർക്കാനുള്ള തെളിവുകളില്ലെന്നും, സാക്ഷിയാക്കുമെന്നും എക്സൈസ് വ്യക്തമാക്കി.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ അഭിനേതാക്കൾക്ക് നേരിട്ട് ബന്ധം ഇല്ലെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി, മോഡൽ കെ.സൗമ്യ എന്നിവരുമായി നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് എക്സൈസ് ഇക്കാര്യം വ്യക്തമാക്കിയത്. ചോദ്യം ചെയ്യൽ 11 മണിക്കൂർ നീണ്ടു നിന്നിരുന്നു. ഷൈൻ ടോം ചാക്കോയുടെ ആവശ്യപ്രകാരം താരത്തെ ഇടുക്കിയിലുള്ള സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.
ഒരു പകൽ മുഴുവൻ നീണ്ടു നിന്ന വിശദമായ ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നുപേരെയും ഒറ്റയ്ക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യൽ നടത്തിയത്. എന്നാൽ ആലപ്പുഴയിൽ നിന്നും പിടികൂടിയ കഞ്ചാവുമായി മൂന്നുപേർക്കും ബന്ധമില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിയത്.