അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവും കാണിച്ചായിരുന്നു പ്രശാന്തന് സസ്പെൻഷൻ നൽകിയത്
എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ സസ്പെൻഷൻ നീട്ടി ആരോഗ്യവകുപ്പ്. മൂന്നുമാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യൻ വിഭാഗം ജീവനക്കാരനായിരുന്നു പ്രശാന്തൻ.
അച്ചടക്കലംഘനവും പെരുമാറ്റ ചട്ടലംഘനവും കാണിച്ചായിരുന്നു പ്രശാന്തന് സസ്പെൻഷൻ നൽകിയത്. ആറുമാസം മുൻപായിരുന്നു സസ്പെൻഷൻ. സർക്കാർ ജോലിയിലിരിക്കെ പെട്രോൾ പമ്പ് തുടങ്ങാൻ ശ്രമിച്ചത് ചട്ടലംഘനമാണെന്നും സസ്പെൻഷൻ ഓർഡറിൽ പറയുന്നു.
ടി.വി. പ്രശാന്തനെതിരെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പിലിന് നിർദേശവും നൽകി. "പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല. സർക്കാർ സർവീസിലേക്ക് പരിഗണന പ്രക്രിയയിൽ ഉള്ള ആളാണ്. തെറ്റുകാരൻ എങ്കിൽ സർക്കാർ സർവീസിൽ ഉണ്ടാകില്ല. അന്വേഷിക്കാൻ പരിമിതിയുണ്ട് എന്നാണ് പ്രിൻസിപ്പല്‍ ഡിഎംഇയെ അറിയിച്ചത്.
പെട്രോൾ പമ്പിന് എൻഒസി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയയാളാണ് പ്രശാന്തൻ. ഒക്ടോബർ ആറാം തീയതി എഡിഎം താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. കൈക്കൂലി നൽകിയില്ലെങ്കിൽ ഈ ജന്മത്തിൽ അനുമതി നൽകില്ലെന്നും, തൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റ് ബിസിനസുകളിലും, ജോലികളിലും തടസം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ 98500 രൂപ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വെച്ച് നൽകിയെന്നാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് എട്ടാം തീയതി പെട്രോൾ പമ്പിന് അനുമതി നൽകിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.