സണ്ണി ജോസഫിനായി ക്രൈസ്തവ സഭകൾ നിലകൊണ്ടു എന്നത് ശരിയല്ല മറിച്ച്, ക്രൈസ്തവരെ കൂടെ നിർത്താൻ ഇങ്ങനെ ചെയ്യണമെന്ന് കോൺഗ്രസ് തീരുമാനിച്ചതാണെന്നാണ് പദ്മജയുടെ വാദം
കെപിസിസി നേതൃമാറ്റത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പുതിയ അധ്യക്ഷൻ സണ്ണി ജോസഫ് പ്രമുഖനല്ലെന്നാണ് പദ്മജയുടെ വിമർശനം. കഴിവുള്ള പല മുതിർന്ന നേതാക്കളെയും മാറ്റി നിർത്തിയാണ് കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചത്. കെ. സുധാകരൻ ശക്തനായ നേതാവായിരുന്നെന്നും പുതിയ പുതിയ പ്രസിഡന്റ് കഴിവ് തെളിയിക്കട്ടെയെന്നും പദ്മജ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കണ്ണൂരിലെ ചിലർക്ക് മാത്രമാണ് അറിയുന്നതെന്നായിരുന്നു പദ്മജയുടെ പരിഹാസം. സണ്ണി ജോസഫിനെ കുറിച്ച് മുരളീധരൻ പറഞ്ഞത് ശരിയാണ്. മലബാറിൽ നിന്നുള്ള പലരും സണ്ണി ജോസഫ് ആരാണെന്ന് തന്നോടും ചോദിച്ചെന്നും ബിജെപി നേതാവ് പറഞ്ഞു. സണ്ണി ജോസഫിനായി ക്രൈസ്തവ സഭകൾ നിലകൊണ്ടു എന്നത് ശരിയല്ല മറിച്ച്, ക്രൈസ്തവരെ കൂടെ നിർത്താൻ ഇങ്ങനെ ചെയ്യണമെന്ന് കോൺഗ്രസ് തീരുമാനിച്ചതാണെന്നാണ് പദ്മജയുടെ വാദം
ALSO READ: കെപിസിസിക്ക് ഇനി പുതിയ നേതൃത്വം; അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സണ്ണി ജോസഫ്
കോൺഗ്രസിനെതിരെയും പദ്മജ വിമർശനമുന്നയിച്ചു. പഴയപടി തന്നെയാണ് കോൺഗ്രസ് ഇപ്പോഴും കാര്യങ്ങളെ നോക്കി കാണുന്നത്. തന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. എന്നാൽ ബിജെപി അങ്ങനെയല്ലെന്നും ജനങ്ങളുടെ മനസറിഞ്ഞു പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയുമെന്നും പദ്മജ പറഞ്ഞു.
അതേസമയം 21 വർഷത്തിന് ശേഷമാണ് കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തിൽ നിന്നും ഒരാളെത്തുന്നത്. സാമുദായിക സന്തുലനത്തിന്റെ ഭാഗമായി ഈഴവ വിഭാഗത്തിൽ നിന്നുള്ള അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറാക്കി. പി. സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവരാണ് പുതിയ വർക്കിംഗ് പ്രസിഡന്റുമാർ. അതേസമയം സണ്ണി ജോസഫിൻ്റെ അധ്യക്ഷ പദവിയിൽ പരസ്യ അതൃപ്തിയുമായി ആന്റോ ആന്റണി രംഗത്തെത്തി.
സാമുദായിക, ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെക്കുറെ പാലിച്ചുകൊണ്ടായിരുന്നു സംസ്ഥാന കോൺഗ്രസിലെ പൊളിച്ചെഴുത്ത്. അനിവാര്യമായ പടിയിറക്കത്തെ പരമാവധി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കെ. സുധാകരൻ ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി സുധാകരനെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് വാദിച്ച സണ്ണി ജോസഫ്, സുധാകരന് പകരക്കാരനായി എത്തിയെന്നതാണ് മറ്റൊരു രാഷ്ട്രീയ കൗതുകം. കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരൻ മാറിയപ്പോഴും പകരക്കാരനായത് സണ്ണി ജോസഫായിരുന്നു. 2011 മുതൽ പേരാവൂരിനെ പ്രതിനിധീകരിക്കുന്ന കോൺഗ്രസുകാരുടെ സണ്ണി വക്കീൽ ഇനി സംസ്ഥാന കോൺഗ്രസിന്റെ അമരക്കാരനാവും.