സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളിന്റയും സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തണമെന്നും സുരക്ഷാ അവലോകനം നടത്തി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിനെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആലപ്പുഴ കലവൂർ ഗവൺമെൻ്റ് എച്ച്എസ്എസിൽ നടക്കുന്ന പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളിന്റയും സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തണമെന്നും സുരക്ഷാ അവലോകനം നടത്തി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാനായി ഈ മാസം 20 ന് എല്ലാ സ്കൂളുകളിലും പിടിഎ യോഗം ചേരുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സ്കൂൾ സുരക്ഷ,പരിസര ശുചീകരണം എന്നിവയും ഉറപ്പാക്കും. ഫിറ്റ്നസ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി നിർമാണം നടക്കുന്ന സ്കൂളുകളിൽ പണി നടക്കുന്ന സ്ഥലം വേർതിരിക്കണം. സുരക്ഷാ അവലോകനം നടത്തി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഇതിനൊപ്പം സ്കൂൾ ബസുകളുടെ ഫിറ്റ്നസും ഉറപ്പ് വരുത്തണമെന്ന് വി. ശിവൻകുട്ടി നിർദേശിച്ചു. വാഹനം ഓടിക്കുന്ന ആളുടെ പശ്ചാത്തലം ഉറപ്പ് വരുത്തണം. ഇതിനായി ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാം. പിടിഎ കാലാവധി സംബന്ധിച്ചും മന്ത്രി വ്യക്തത വരുത്തി. തുടർച്ചയായി മൂന്നു വർഷമായിരിക്കും പിടിഎ പ്രസിഡൻ്റിൻ്റെ കാലാവധിയെന്ന് മന്ത്രി അറിയിച്ചു.
അതേസമയം സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിൽ തീരുമാനം പിന്നീടറിയിക്കാമെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ദ സമിതി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. വിഷയത്തിൽ ചർച്ച നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.