റനിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകിയിട്ടുണ്ട്
കണ്ണൂർ തലശേരിയിൽ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി. ബിജെപി പ്രവർത്തകൻ തലശേരി ഇല്ലത്ത് താഴെയിലെ എൻ. എം. റനിലിൻ്റെ വീട്ടിലെ പൂജാ മുറിയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 1.2കിലോ ഗ്രാം കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് പൊലീസ് പിടികൂടിയത്. റനിൽ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.
ALSO READ: കോഴിക്കോട് വൻ കുഴൽപ്പണ വേട്ട; രേഖകളില്ലാതെ കടത്തിയ നാല് കോടിയോളം രൂപ പിടികൂടി
കഞ്ചാവ്, എം ഡി എം എ തുടങ്ങിയ ലഹരി വസ്തുക്കളുടെ വിതരണക്കാരനാണ് ഇല്ലത്ത് താഴെയിലെ റനിൽ എൻ എം എന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിൽ പൊലീസ് പരിശോധനയും നടത്തി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ വീണ്ടും പരിശോധനക്കെത്തിയപ്പോഴാണ് പൂജാമുറിയിൽ വെച്ച് മയക്കുമരുന്ന് കണ്ടെത്തിയത്. ആർക്കും സംശയം തോന്നാനോ പരിശോധന നടത്താനോ സാധ്യത ഇല്ലാത്ത ഇടമെന്ന് കരുതിയാണ് റനിൽ പൂജാ മുറിയൽ മയക്കുമരുന്ന് സൂക്ഷിച്ചത്.
പുലർച്ചെ 1.45 ന് വീട്ടിലെത്തിയ പോലീസ് കോളിങ് ബെൽ അടിച്ചതോടെ റനിൽ വീടിൻ്റെ പിറകുവശത്ത് കൂടി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ റനിലിൻ്റെ മുറി വീണ്ടും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഏറെ വൈകിയും പൂജ മുറിയിൽ റനിലിനെ കാണാറുണ്ടെന്ന് സഹോദരൻ പറഞ്ഞതോടെയാണ് പൊലീസ് പൂജാ മുറിയിലേക്ക് എത്തിയത്.
ALSO READ: തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
പരിശോധിച്ചപ്പോൾ വായ മൂടിക്കെട്ടിയ നിലയിൽ ഒരു മുറവും മുറത്തിനകത്ത് കഞ്ചാവും കണ്ടെത്തി. പാക്കറ്റുകളിലാക്കിയ നിലയിലും പൂജാ മുറിയിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നു. ആകെ 1.2 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും മുറിയിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊരു മുറിയിൽ നിന്ന് 5 ഗ്രാം എംഡിഎംഎയും കണ്ടെത്തി.റനിലിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.