പഞ്ചാബിനെതിരായ അഭിമാനപ്പോരാട്ടത്തില്‍ അവസാന നിമിഷം വരെ പോരാടിയാണ് എം.എസ് ധോണിയും സംഘവും മടങ്ങിയത്
ആശ്വാസം വിജയം തേടിയിറങ്ങിയ ചെന്നൈക്ക് ഒടുവില്‍ നിരാശയോടെ മടക്കം. പഞ്ചാബിനെതിരായ അഭിമാനപ്പോരാട്ടത്തില്‍ അവസാന നിമിഷം വരെ പോരാടിയാണ് എം.എസ് ധോണിയും സംഘവും ചെപ്പോക്കിൽ നിന്ന് മടങ്ങിയത്. നാല് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം. തോല്‍വിയോടെ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തു പോകുന്ന ആദ്യ ടീമായി ചെന്നൈ മാറി.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 19.2 ഓവറില്‍ 190 റണ്‍സിന് ഓള്‍ഔട്ടായി. ഓപ്പണര്‍മാരായ ഷായിക് റഷീദ് (11), ആയുഷ് മാത്രേ (7) എന്നിവരെ ആദ്യം തന്നെ നഷ്ടമായിരുന്നു. പിന്നാലെ എത്തിയ സാം കറനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്‌കോര്‍ 48 ല്‍ എത്തിച്ചു. ആറാം ഓവറില്‍ ഹര്‍പ്രീത് ബ്രാര്‍ ജഡേജയെ മടക്കി. 12 പന്തില്‍നിന്ന് നാല് ബൗണ്ടറിയടക്കം 17 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം
സാം കറന്റെ ബാറ്റിങ്ങാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 47 പന്തില്‍നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 88 റണ്‍സാണ് സാം കറന്‍ നേടിയത്. ടോസ് നേടിയ പഞ്ചാബ് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പഞ്ചാബിനു വേണ്ടി യുസ്വേന്ദ്ര ചഹല്‍ ഒരു ഹാട്രിക് അടക്കം നാല് വിക്കറ്റുകള്‍ നേടി.
പിന്നാലെ ഡെവാള്‍ഡ് ബ്രെവിസ് ക്രീസിലെത്തി. സാം കറന്‍-ബ്രെവിസ് സഖ്യമാണ് ചെന്നൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 78 റൺസ് ചെന്നൈക്കായി കൂട്ടിച്ചേര്‍ത്തു. അസ്മത്തുള്ള ഒമര്‍സായി ബ്രെവിസിനെ മടക്കുമ്പോള്‍ താരത്തിന്റെ സ്‌കോര്‍ ്. 26 പന്തില്‍നിന്ന് 32 റണ്‍സായിരുന്നു.
ചഹല്‍ ആണ് ചെന്നൈയുടെ റണ്‍വേട്ടയ്ക്ക് തടയിട്ടത്. എം.എസ് ധോണി (11), ദീപക് ഹൂഡ (2), അന്‍ഷുല്‍ കാംബോജി (0), നൂര്‍ അഹമ്മദ് (0) എന്നീ വിക്കറ്റുകളാണ് ചഹല്‍ നേടിയത്. അര്‍ഷ്ദീപ് സിങ്ങും മാര്‍ക്കോ യാന്‍സനും രണ്ടു വിക്കറ്റുകള്‍ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വിജയം അത്ര എളുപ്പമായിരുന്നില്ല. അവസാന നിമിഷം വരെ വിക്കറ്റ് എടുത്ത് ചെന്നൈ പഞ്ചാബിനെ അല്‍പം പരിഭ്രാന്തരാക്കി. ഒടുവില്‍ ചെന്നൈയെ അവരുടെ സ്വന്തം തട്ടകത്തില്‍ തോല്‍പ്പിച്ച് പഞ്ചാബ് ജയിച്ചു കയറി.
191 വിജയലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവര്‍ പൂര്‍ത്തിയാകാന്‍ രണ്ട് ബോള്‍ മാത്രം അവശേഷിക്കേയാണ് ലക്ഷ്യം കണ്ടത്. 41 പന്തില്‍ 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 36 പന്തില്‍ 54 റണ്‍സ് നേടിയ പ്രഭ്‌സിമ്രാനുമാണ് പഞ്ചാബിന്റെ വിജയ ശില്‍പികള്‍.
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പ്രഭ്സിമ്രാനും ശ്രേയസ് അയ്യരും ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പക്ഷേ, പിന്നീടെത്തിയ നഹാല്‍ വധേര (5), ശശാങ്ക് സിങ് (23), സൂര്യാംശ് ഷെദ്ഗെ (1) എന്നിവര്‍ പുറത്തായെങ്കിലും ഒരറ്റത്ത് ശ്രേയസ് അയ്യര്‍ ഉറച്ചു നിന്നു. 19ാം ഓവറില്‍ ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രം ബാക്കി നില്‍ക്കേയാണ് ശ്രേയസ് പുറത്താകുന്നത്. മതീഷ പതിരണയുടെ പന്തില്‍ വിജയക്കൊടി പാറിക്കാന്‍ ശ്രമിച്ച ശ്രേയസ് ഔട്ട് ആകുകയായിരുന്നു. ജോഷ് ഇംഗ്ലിസും (6) മാര്‍ക്കോ യാന്‍സനും (4) പഞ്ചാബിന്റെ ഇന്നിങ്‌സ് ഫിനിഷ് ചെയ്തത്. ചെന്നൈക്കുവേണ്ടി ഖലീല്‍ അഹ്‌മദും പതിരണയും രണ്ടുവീതം വിക്കറ്റുകള്‍ നേടി.