ശക്തമായ കാറ്റിൽ തോട്ടിലേക്ക് ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റിൽ നിന്നുമാണ് ഷോക്കേറ്റത്
കോഴിക്കോട് കോടഞ്ചേരിയിൽ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ കുട്ടികൾ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു, ഷീബ ദമ്പതികളുടെ മക്കളായ നിധിൻ ബിജു (14), എബിൻ ബിജു (10) എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിൽ തോട്ടിലേക്ക് ഇലക്ട്രിക് പോസ്റ്റ് ഓടിഞ്ഞു വീണിരുന്നു. ഇതിൽ നിന്നുമാണ് ഷോക്കേറ്റത്.
ഇന്ന് വൈകീട്ട് 6.30ഓടെയാണ് അപകടം. മലയോര മേഖലയായ കോടഞ്ചേരിയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ കാറ്റും മഴയുമാണ്. ഇന്ന് വൈകീട്ട് ആഞ്ഞടിച്ച കാറ്റിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വെള്ളത്തിൽ വീണിരുന്നു. ഇവിടെയാണ് കുട്ടികൾ മീൻ പിടിക്കാനിറങ്ങിയത്. കുട്ടികളുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.