ഉടമയിൽ നിന്ന് 22,500 രൂപ പിഴ ഈടാക്കിയെന്നും മോഡിഫൈ ചെയ്ത കാർ നാല് ദിവസത്തിനകം പൂർവസ്ഥിതിയിൽ ആക്കി സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നിലമ്പൂർ സിഐ സുനിൽ പുളിക്കൻ അറിയിച്ചു
മലപ്പുറം നിലമ്പൂരിൽ തീ തുപ്പുന്ന കാറുമായി സിനിമ തീയറ്റർ കോമ്പൗണ്ടിൽ അഭ്യാസപ്രകടനം. നിലമ്പൂർ ഫെയറി ലാൻഡ് തീയേറ്ററിലാണ് തീ തുപ്പുന്ന കാറുമായി അഭ്യാസ പ്രകടനമുണ്ടായത്. സംഭവത്തിന് പിന്നാലെ നിലമ്പൂർ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. അഭ്യാസപ്രകടനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് നിലമ്പൂർ പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്.
തിയേറ്റർ കോമ്പൗണ്ടിനുള്ളിൽ കാർ സ്റ്റാർട്ട്ചെയ്ത് സൈലൻസറിനുള്ളിൽ നിന്ന് തീ തുപ്പുന്ന രീതിയിലായിരുന്നു വണ്ടൂർ അയനിക്കോട് സ്വദേശിയുടെ അഭ്യാസപ്രകടനം. കണ്ട് നിന്നവർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് കാർ ഉടമയെ തേടി പൊലീസെത്തിയത്.
കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമയിൽ നിന്ന് 22,500 രൂപ പിഴ ഈടാക്കി. മോഡിഫൈ ചെയ്ത കാർ നാല് ദിവസത്തിനകം പൂർവസ്ഥിതിയിൽ ആക്കി സ്റ്റേഷനിൽ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് നിലമ്പൂർ സിഐ സുനിൽ പുളിക്കൻ അറിയിച്ചു.
ഇത്തരത്തിലുള്ള വീഡിയോകൾ എടുത്ത് റീലാക്കി ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഇവർ പോസ്റ്റ് ചെയ്തതായും പൊലീസ് കണ്ടതിയിട്ടുണ്ട്. നിലമ്പൂർ എസ് ഐ മുസ്തഫ, സിവിൽ പൊലീസ് ഓഫീസർമാരായ വിവേക്, ജംഷാദ് എന്നിവരാണ് കാർ കസ്റ്റഡിയിലെടുത്ത് നിലമ്പൂർ സ്റ്റേഷനിൽ എത്തിച്ചത്.