വെള്ളിയാഴ്ച രാത്രിയാണ് കാട്ടാക്കട മാറനല്ലൂർ സ്വാദേശി അനുരാജിന്റെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ഹണി ട്രാപ്പിൽ പെടുത്തി സംഘം തട്ടിയത്
തിരുവനന്തപുരത്ത് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി സ്വർണാഭരണങ്ങളും പണവും , വാഹനവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി കാർത്തിക്കാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് കാട്ടാക്കട മാറനല്ലൂർ സ്വാദേശി അനുരാജിന്റെ ഔഡി കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ഹണി ട്രാപ്പിൽ പെടുത്തി സംഘം തട്ടിയത്.
രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയാണ് അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയത്. കഴക്കൂട്ടത്തെത്തിയ അനുരാജിന്റെ ഓഡി കാറിൽ യുവതി കയറി. ഇതേസമയം കാറിൻ്റെ ലൊക്കേഷൻ വാട്സ്ആപ്പ് വഴി പ്രതികൾക്ക് യുവതി കൈമാറുകയായിരുന്നു. തുടർന്ന് ബൈപ്പാസ് ജംഗ്ഷനിൽ വച്ച് ഇന്നവോ കാറിൽ എത്തിയ സംഘം അനുരാജിൻ്റെ കാർ തടഞ്ഞു നിർത്തി. പിന്നാലെ ക്രൂരമായി മർദിച്ചു. പിന്നാലെ കഴുത്തിൽ കത്തി വച്ച് സ്വർണാഭരണങ്ങളും പണവും കവർന്ന ശേഷം യുവാവിൻ്റെ കാറുമായി സംഘം കടന്നു കളയുകയായിരുന്നു.
തുടർന്ന് തട്ടിപ്പിനിരയായ യുവാവ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്നും കാർത്തിക് പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കാർ തട്ടിയെടുത്തതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. യുവതി ഉൾപ്പെടെയുള്ള കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.