യോഗ്യരായ എല്ലാ കുട്ടികളുടേയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.
പ്ലസ് വൺ പ്രവേശനത്തോടനുബന്ധിച്ച് ഏഴ് ജില്ലകളിൽ 30% സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടേയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. പ്ലസ് ടു ഫലം മെയ് 21ന് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ സീറ്റ് വർധിപ്പിച്ചു. സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റ് കൂട്ടി. എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറി ഉൾപ്പടെ ആകെ സീറ്റുകളുടെ എണ്ണം 4,74,917 ആയെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ അഡ്മിഷനുള്ള അലോട്ട്മെൻ്റ് തീയതികളും മന്ത്രി അറിയിച്ചു.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16
ഡൽഹിയിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രഥാനുമായി ചർച്ച നടത്തിയെന്നും 1500 കോടി കേന്ദ്രം കേരളത്തിന് നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയെന്നും വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ ഇത്രയും കടുംപിടുത്തം പാടില്ല. പിഎം ശ്രീയിൽ കേന്ദ്രം ഒരു നിലയ്ക്കും അടുക്കുന്നില്ല. തമിഴ്നാട് സർക്കാരുമായി സംസാരിക്കും. കോടതിയെ സമീപിക്കുന്നതിൽ എ.ജിയോട് നിയമോപദേശം തേടി. പണം വാങ്ങുക എന്നത് തന്നെയാണ് സർക്കാർ കണ്ടിട്ടുള്ളത്. കേരളത്തിന് ലഭിക്കേണ്ട തുക ലഭിച്ചേ മതിയാകൂ. അധികാരം ഉണ്ടെന്ന് കരുതി എന്ത് നിലപാടും സ്വീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകത്തിൽ ശ്രീനാരായണ ഗുരുവിന്റെ ഭാഗം ഒഴിവാക്കിയെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ല. പരിഷ്കരിച്ച പാഠപുസ്തകം ഒരു വട്ടമെങ്കിലും മറിച്ചുനോക്കാൻ ഇവർ സമയം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.