കോൺഗ്രസ് ശുപാർശ ചെയ്ത നാല് പേരില്‍ ആനന്ദ് ശർമ മാത്രമാണ് സംഘത്തിൽ ഉള്ളത്. ശുപാർശ പട്ടികയിൽ ഇല്ലാതിരുന്ന എംപിമാരായ ശശി തരൂർ, അമർ സിംഗ്, മനീഷ് തിവാരി എന്നിവരെ കേന്ദ്രം സ്വന്തം നിലയിൽ തെരഞ്ഞെടുത്തതാണ് ചർച്ചയായത്.
ഓപ്പറേഷൻ സിന്ദൂർ വിദേശ രാജ്യങ്ങളോട് വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും.രണ്ട് സംഘങ്ങളാണ് ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നത്. ഇതിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ ജോൺ ബ്രിട്ടാസും ഇടി മുഹമദ് ബഷീറുമുണ്ട്. രണ്ട് സംഘങ്ങളിലുള്ള ഇരുവരും കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു.
ഇന്നലെ പാർലമെൻ്റ് ഹൗസിൽ പ്രതിനിധി സംഘങ്ങൾക്ക് വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ബ്രീഫിംഗ് നടന്നിരുന്നു. 2001 മുതൽ പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളുടെ വിശദവിവരങ്ങളും ഓപ്പറേഷൻ സിന്ദൂർ വിഷയവും എംപിമാർക്ക് വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.
വിദേശ പര്യടനത്തിനുള്ള സർവകക്ഷി സംഘാംഗങ്ങളുടെ അവസാന പട്ടിക കേന്ദ്രം പുറത്തു വിട്ടത് കോൺഗ്രസിനകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. കോൺഗ്രസ് ശുപാർശ ചെയ്ത നാല് പേരില്‍ ആനന്ദ് ശർമ മാത്രമാണ് സംഘത്തിൽ ഉള്ളത്. ശുപാർശ പട്ടികയിൽ ഇല്ലാതിരുന്ന എംപിമാരായ ശശി തരൂർ, അമർ സിംഗ്, മനീഷ് തിവാരി എന്നിവരെ കേന്ദ്രം സ്വന്തം നിലയിൽ തെരഞ്ഞെടുത്തതാണ് ചർച്ചയായത്.
വിദേശത്തേക്ക് അയയ്‌ക്കേണ്ട പ്രതിനിധി സംഘത്തിൽ കോൺഗ്രസ് നൽകിയവരുടെ ലിസ്റ്റിൽ ശശി തരൂർ ഇല്ലെന്ന് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. തരൂർ ബിജെപിയോട് അടുക്കുന്നതിൻ്റെ സൂചനയായി കേന്ദ്ര ക്ഷണത്തെ നേതാക്കൾ കാണുകയും പ്രതികരിക്കുകയും ചെയ്തു.
കേന്ദ്രസർക്കാരിൻ്റെ ക്ഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് ശശി തരൂരിൻ്റെ പക്ഷം. തന്റെ കഴിവിനെപ്പറ്റിയോ കഴിവില്ലായ്മയെപ്പറ്റിയോ കോൺഗ്രസിന് അഭിപ്രായമുണ്ടാകാം. എന്നാൽ രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ എന്ന് ശശി തരൂർ കോണ്‍ഗ്രസിന് മറുപടി നൽകി. കേന്ദ്ര സർക്കാർ രാജ്യത്തിനായി എല്ലാ പാർട്ടി പ്രതിനിധികൾക്കും അവസരം നൽകുമ്പോൾ, അതിനനുസരിച്ച് പ്രവർത്തിക്കേണ്ടത് കടമ കൂടിയാണെന്നും ശശി തരൂർ പ്രതികരിച്ചിരുന്നു.
ബിജെപിയുടെ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കർ പ്രസാദ്, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, കോൺഗ്രസിന്റെ ശശി തരൂർ, ഡിഎംകെയുടെ കനിമൊഴി, എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ എന്നിവർ നേതൃത്വം നൽകുന്ന ഏഴ് പ്രതിനിധി സംഘങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാനും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടാനും പോകുന്നത്.