അടുത്തകാലത്തുള്ള ചില മാസ് സീന്‍ ബിൽഡപ്പുകൾ കാണുമ്പോൾ മോഹൻലാലിന്റെ മീശയുടെ കൊറിയോഗ്രഫിയാണ് ആ നടന്റെ ജനപ്രിയതയ്ക്ക് കാരണമെന്ന് തോന്നിപ്പോകും. എന്നാൽ അതങ്ങനെയല്ല എന്ന് മനസിലാക്കാൻ രണ്ട് കഥാപാത്രങ്ങൾ എടുത്താൽ മതിയാകും
'മോഹനം' എന്ന വാക്കിന് ശബ്ദതാരാവലി നൽകുന്ന അർഥം 'വശീകരണം' എന്നാണ്. കർണാടക സംഗീതത്തിൽ അത് വീരവും ശൃംഗാരവും കാരുണ്യവും ഉൾച്ചേരുന്ന രാഗമാണ്. സിനിമയിൽ ആ രാഗത്തിനും ആ വാക്കിനും ഒരു രൂപവും അനേകം ഭാവവുമാണ്. 'ധീരോദാത്തൻ അതി പ്രതാപ ഗുണവാൻ വ്യഖ്യാത വംശൻ ധരാ പാലൻ നായകൻ,' എന്ന നിർവചനത്തിലേക്കുള്ള നടത്തവും പിൻനടത്തവുമാണ്. വ്യാഖ്യാനങ്ങളിൽ നിന്ന് അൽപ്പം ചരിഞ്ഞ അൽഭുതമാണ് - അത് മോഹൻലാലാണ്.
ഏതൊരാൾ അഭിനയിക്കുമ്പോഴും മോഹൻലാലിനൊപ്പിച്ചാണ് മലയാളിയിലെ ക്രിട്ടിക് വിലയിരുത്തുക. അതിപ്പോൾ മോഹൻലാൽ ആണെങ്കിൽ കൂടി. "പോരാ..ഇനിയും എന്തോ കൂടി വരാനുണ്ട്," എന്ന് ചിലപ്പോൾ ആ മനുഷ്യനോട് തന്നെ നമ്മൾ പറഞ്ഞെന്നിരിക്കും. ഇനി ക്രിട്ടിസിസം അൽപ്പം പരിധി കടന്നവരാണെങ്കിൽ "മോഹൽലാലിന് അഭിനയിക്കാൻ അറിയില്ല," എന്നങ്ങ് പ്രസ്താവിക്കും. ഇക്കാര്യത്തിൽ നിങ്ങളോട് ആരെങ്കിലും കലഹിക്കുമെന്ന് വിചാരിച്ചെങ്കിൽ തെറ്റി. വർഷങ്ങളായി ലാലിന്റെ അഭിനയം കാണുന്ന ഏതൊരാളും അത് സമ്മതിച്ചു തരും. ശരിയാണ്, മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല!
Also Read: ക്ലിന്റ് ഹീറോയാടാ! 94ലും സ്വാഗോടെ ഹോളിവുഡ് മാസ്റ്റർ
എം.എ. പാസായ ടി.പി. ബാലഗോപാലൻ, 'കൊച്ചുകുട്ടികൾക്കുളള കളിപ്പാട്ടം മുതൽ വിക്ടോറിയൻ കാലഘട്ടത്തിലെ ഷാന്റ്ലിയർ വരെ നിങ്ങൾക്കായി ഞങ്ങൾ ഉണ്ടാക്കുന്നുവെന്ന്' പറഞ്ഞ് ഏപ്പോഴോ നമ്മുടെ വീട്ടിലേക്കും ഇടിച്ചു കേറിയിട്ടുണ്ട്. ആ തെരുവിലാണ് സേതുമാധവന് എല്ലാം നഷ്ടമായതെന്ന് പറയുമ്പോൾ, അയാളുടെ കണ്ണുകളിൽ കഴിഞ്ഞ കാലം കണ്ടവരാണ് നമ്മൾ. സോളമനെപ്പോലെ, ജയകൃഷ്ണനെപ്പോലെ, ദാസനേപ്പോലെ, ഉണ്ണിയേപ്പോലെ, ബോബിയേപ്പോലെ, പ്രണയിനിയെ നോക്കിയവരാണ് നമ്മളിൽ പലരും. കുഞ്ഞിക്കുട്ടനേപ്പോലെ എപ്പോഴോ ഈ വേഷത്തിന് അപ്പുറം താൻ ഒന്നുമല്ല എന്ന തിരിച്ചറിവിൽ തകർന്നവർ അനവധിയാണ്. പോയി എന്ന ഒറ്റ വാക്ക് കൊണ്ട് തനിക്ക് പ്രിയപ്പെട്ട ആളുടെ വിയോഗവാർത്ത ആരോടും പറയാൻ പറ്റാതെ നീറിയ ആ മനുഷ്യനെ ഏതോ ഒരു കല്യാണപ്പുരയിൽ ഞാനും കണ്ടതാണ്.
ഇതെല്ലാം വെച്ച് നോക്കുമ്പോൾ, ശരിയാണ്. മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല. എംടിയും പദ്മരാജനും ലോഹിതദാസും ശ്രീനിവാസനും പ്രിയദർശനും ദാ, ഈ അടുത്ത കാലത്ത് കെ.ആർ. സുനിൽ വരെയുള്ള എഴുത്തുകാർ പേപ്പറിൽ കോറിയിട്ട കഥാപാത്രങ്ങളെ, കഥയടക്കം, നിസാരമായി എടുത്തണിഞ്ഞ് ശരീരത്തിന്റെ ചൂട് നൽകി അവരെ തന്നിൽ വളർത്തി, ഒടുവിൽ ആ കഥാപാത്രങ്ങൾക്ക് തന്റെ ശരീരം തന്നെ വിട്ടുനൽകിയ മാരീചനാണ് അയാൾ. നമ്മൾ കണ്ടത് അയാളുടെ പകർന്നാട്ടങ്ങളാണ്.
അടുത്തകാലത്തുള്ള ചില മാസ് സീന്‍ ബിൽഡപ്പുകൾ കാണുമ്പോൾ മോഹൻലാലിന്റെ മീശയുടെ കൊറിയോഗ്രഫിയാണ് ആ നടന്റെ ജനപ്രിയതയ്ക്ക് കാരണമെന്ന് തോന്നിപ്പോകും. എന്നാൽ അതങ്ങനെയല്ല എന്ന് മനസിലാക്കാൻ രണ്ട് കഥാപാത്രങ്ങൾ എടുത്താൽ മതിയാകും. ആടുതോമയും, മംഗലശേരി നീലകണ്ഠനും. ഈ കഥാപാത്രങ്ങളുടെ വേരുകളിൽ അച്ഛന്റെ സ്വാധീനം വലുതാണ്. നീലകണ്ഠൻ ആനയ്ക്ക് നെറ്റിപ്പട്ടം എന്നപോലെ ആ പൈതൃകം അലങ്കാരമായി പേരിനൊപ്പം എടുത്തണിയുമ്പോൾ തോമ ഒരു ആടിനെക്കൊണ്ട് തൃപ്തിപ്പെടുന്നു. തിരിച്ച് കിട്ടാത്ത സ്നേഹം ഉണ്ടാക്കുന്ന വീർപ്പുമുട്ടലിലും തോമയിൽ ചാക്കോ മാഷിനോടുള്ള സ്നേഹം കാണാം. പള്ളിയിലെ നേർച്ച പെട്ടിയിലേക്ക് ഓട്ടക്കാലണയിടുമ്പോൾ കണ്ണിലും ചിരിയിലും ശരീര ചലനങ്ങളിലും ആ സ്നേഹം ഉണ്ടാക്കിയ മുറിവ് കാണാം. ആ വടുവിന്റെ നീറ്റൽ മോഹൻലാലിലൂടെയാണ് തോമ നമ്മളോട് പറഞ്ഞത്. സമാനമായ ഒരു രംഗം നീലകണ്ഠന്റെ ജീവിതത്തിലും ഉണ്ടാകുന്നുണ്ട്. താൻ അച്ഛൻ എന്ന് ഗർവോടെ വിളിച്ചിരുന്ന ആളല്ല തനിക്ക് ജന്മം നൽകിയതെന്ന് മനസിലാക്കുന്ന നീലൻ നേരെ ചെല്ലുന്നത് ഗ്യാരേജിലെ അയാളുടെ പഴയ വണ്ടിക്കു മുന്നിലാണ്. കോരിച്ചൊരിയുന്ന മഴയത്ത് ആ കാറിനെ നോക്കി അയാൾ ഭിക്ഷകിട്ടിയ പൈതൃകത്തിന്റെ പേരിൽ അഹങ്കരിച്ച ഞാൻ വിഡ്ഢിയായി എന്ന് പറയുന്നു. നീലകണ്ഠന്റെ രോഷത്തിനപ്പുറമുള്ള പിടച്ചിൽ വലിയ ഇടിമുഴക്കത്തിനിടയിലും പ്രേക്ഷകർ കേട്ടു. മഴയത്ത് അയാൾ മനപ്പൂർവം മറയ്ക്കുമ്പോഴും ആ കണ്ണിൽ കണ്ണുനീർ കാണാം. അടുത്ത സീനിൽ കാണുന്ന നീലകണ്ഠൻ എല്ലാം തകർന്ന ഒരു മനുഷ്യനാണ്. ശരിയാണ് മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല.
നാട്ടാന, കാട്ടാന, സിംഹം, എന്നിങ്ങനെ മോഹൻലാൽ കഥാപാത്രങ്ങളെ നിർവചിക്കാനും ഘോഷിക്കാനും പല മെറ്റഫോറുകളും ഉപയോഗിച്ചുകാണാറുണ്ട്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും അയാളിൽ ഒരു മുയലിനെ കണ്ടിട്ടുണ്ടോ? മരണം അടുത്തെത്തി എന്ന തിരിച്ചറിവിൽ വേട്ടക്കാരന്റെ ടോർച്ചിന്റെ വെട്ടത്തിൽ അനങ്ങാതെ നിൽക്കുന്ന മുയൽ. ചെവിയിൽ കൂട്ടിപ്പിടിച്ച് കണ്ണിനു നേരെ ഉയർത്തുമ്പോൾ കൈകൾ കൂപ്പുന്ന ആ ഇരയുടെ കണ്ണിൽ എന്താണ് ഭാവം? എംടി എഴുതി സിബി മലയിൽ സംവിധാനം ചെയ്ത സദയത്തിലെ സത്യനാഥന്റെ കണ്ണിൽ കണ്ടത് അതേ ഭാവമാണത്. കരുണയ്ക്കായുള്ള യാചനയല്ലത്. .ഇനി ഞാനില്ല' എന്ന തിരിച്ചറിവിൽ നിന്നുണ്ടാകുന്ന ശൂന്യതയാണ്. ആ ശൂന്യത അഭിനയത്തിൽ കൊണ്ട് വരാൻ പ്രയാസമാണ്. എന്നാൽ ലാൽ അത് അനായാസം സാധിച്ചെടുത്തു. ശക്തമായ എഴുത്തിന്റെ സ്വാധീനം കൂടിയായപ്പോൾ കണ്ടംന്റ് സെല്ലിൽ സത്യനാഥൻ അനുഭവിക്കുന്ന വികാരങ്ങളുടെ കയറ്റിറക്കങ്ങൾ തിരശീലയിലേക്ക് തടസങ്ങളില്ലാതെ പ്രവഹിച്ചു.
Also Read: ബോങ് ജൂണ്‍ ഹോ: ഒരു കൊറിയന്‍ സിനിമാഗാഥ
തൂക്കു മരം നോക്കി കിടക്കുന്ന സത്യനാഥൻ, "ഭയമില്ലച്ചോ, ഈ കാത്തിരിക്കലാണ് കഷ്ടം," എന്ന് പറയുമ്പോൾ വിധിയെ ആ കഥാപാത്രം അംഗീകരിച്ചിരിക്കുന്നു എന്ന തോന്നലാണ് മോഹൻലാലിന്റെ ശരീരഭാഷ വ്യക്തമാക്കുന്നത്. എന്നാൽ അടുത്ത നിമിഷം വധശിക്ഷയ്ക്ക് സ്റ്റേ കിട്ടിയിരിക്കുന്നു എന്ന് സൂപ്രണ്ട് അറിയിക്കുമ്പോൾ ആ കുമിള പൊട്ടിപോകുന്നു. അയാളുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടുകൂടുന്നു. ഇരുമ്പഴിയിൽ കൈകൾ മുറുക്കെ പിടിച്ച് അയാൾ കരയുന്നു. ജീവിക്കാനുള്ള കൊതി എത്രമാത്രം തന്നിലുണ്ടെന്ന അയാൾ അറിയുന്നത് അപ്പോഴാണ്. ആ കോതിയുടെ ഭാരം അയാളെ വലിച്ച് താഴേക്ക് കൊണ്ടുപോകുന്നു. അപ്പോഴത്തെ ആ നോട്ടത്തിൽ നമ്മൾ കാണുന്ന ഭാവം കരുണയുടേതോ, സന്തോഷത്തിന്റേതോ, അതോ ഇനിയും പേരിടാത്ത ആ മുയലിന്റെ നോട്ടമോ? അയാൾ ആ നിമിഷം അഭിനയിക്കുകയായിരുന്നില്ല. സത്യനാഥന്റെ വീർപ്പുമുട്ടലുകൾക്ക് ഒരു മാധ്യമമാകുക മാത്രമായിരുന്നു.
മനുഷ്യന് ഏറ്റവും പ്രയാസം രഹസ്യം സൂക്ഷിക്കാനാണ്. അവന്റെ നാവ് അവനെ ചതിക്കും. രസമുകുളങ്ങളിലെവിടെയോ ഒരു തരിപ്പ് വന്ന് , അതേ... എന്നൊരു ആമുഖത്തോടെ നമ്മൾ എല്ലാം വെളിപ്പെടുത്തും. എന്നാൽ ചിലർ ഈ സെൻസേഷനെ മറികടക്കും. അത്തരം കഥാപാത്രങ്ങളെ എങ്ങനെ ഒരാൾ അഭിനയിച്ച് ഫലിപ്പിക്കും. ദൃശ്യത്തിലെ ജോർജുകുട്ടി തന്റേതായ കാരണങ്ങളാൽ ഒരു രഹസ്യം ഉള്ളിൽ ഒതുക്കിയപ്പോൾ പ്രേക്ഷകരും അത് ഏറ്റെടുത്തു. അയാളെ പൊലീസ് വേട്ടയാടുമ്പോൾ ആ രഹസ്യം അയാളിലൂടെ മണ്ണടിയും എന്ന ഉറപ്പിൽ നമ്മൾ ഊറിച്ചിരിച്ചു. സസ്പെൻസ് അറിഞ്ഞിട്ടും മോഹൻലാൽ ആ രഹസ്യം കൊണ്ടുനടക്കുന്നത് കാണാനായി നമ്മൾ ആ പടം റീ വാച്ച് ചെയ്തു. എന്നാൽ എലിയും പൂച്ചയും കളിക്കപ്പുറത്തേക്ക് ആ കഥാപാത്രത്തിന്റെ ഉള്ളിലെ സഞ്ചാരം അത്ര കണ്ട് സിനിമയിൽ ഉപയോഗിക്കുന്നില്ല. അതേസമയം, 1987ൽ ഇറങ്ങിയ 'അമൃതം ഗമയ' എന്ന ചിത്രത്തിലെ ഹരിദാസിൽ നമുക്ക് ആ ഉൾനോട്ടം സാധ്യമാകുന്നു.
Also Read: ക്ലീഷേയ്ക്ക് കത്തിവെച്ച ആല്‍ഫ്രഡ് ഹിച്ച്കോക്ക്; സസ്പെന്‍സ് ത്രില്ലറുകളുടെ രസതന്ത്രം
എല്ലാ കടങ്ങളും തീർത്തുകഴിയുമ്പോൾ ജീവിതത്തിലെ ബാലൻസ് ഷീറ്റ് സീറോ ആകും എന്ന് പറയുന്ന ദാസ് എന്തോ ഒരു വലിയ സത്യം ഒളിപ്പിക്കുന്നുണ്ട്. അത് അയാളെ വല്ലാതെ വേദനിപ്പിക്കുന്നു. ഇളയതും കുടുംബവുമായി അയാൾ അടുക്കുന്നത് അതിന്റെ ഭാഗമായാണ്. ഈഥർ നൽകുന്ന യൂഫോറിയയിൽ മയങ്ങാൻ അയാൾ തീരുമാനിക്കുന്നത് ആ സത്യത്തിന്റെ നീറ്റൽ മറക്കാനാണ്. അതവിടെ തന്നെ കാണുമെങ്കിലും കുറച്ച് നേരത്തേക്ക് ഒരു മയക്കം. എന്നാൽ ഒടുവിൽ ദാസ് ആ സത്യം ഇളയതിനോട് പറയുന്നു. നിങ്ങളുടെ മകൻ ഉണ്ണികൃഷ്ണന്റെ മരണത്തിന് ഉത്തരവാദി താനാണ്. ഈ രംഗത്തിൽ നമ്മൾ കാണുന്നത് ആരോടെങ്കിലും ഒന്ന് ഉള്ള് തുറക്കാൻ കാത്തിരുന്ന മനുഷ്യനെയാണ്, പ്രായശ്ചിത്തം ഇരക്കുന്ന പാപിയേയാണ്. അടുത്ത ഷോട്ടിലെ, ഹൃദ്രോഗിയായ ഉണ്ണിയെ റാഗ് ചെയ്യുന്ന എംബിബിഎസ് വിദ്യാർഥിയിൽ ഇന്നിലെ ദാസിന്റെ ഛായകൾ ഏതുമില്ല. ആ തിളങ്ങുന്ന കണ്ണുകളിൽ പൈശാചികതയാണ്. ഉണ്ണി മരിച്ചു എന്ന് തിരിച്ചറിഞ്ഞ് സുഹൃത്തുക്കൾ എല്ലാം ഓടിമറയുമ്പോഴാണ് അയാളിലെ മനുഷ്യൻ തിരിച്ചെത്തുന്നത്. അധ്യാപകന്റെ കാലിൽ രക്ഷിക്കണം എന്ന് പറഞ്ഞു വീഴുന്ന ദാസ് തന്നെയാണ് ഇളയതിന്റെയും കാൽക്കൽ കിടക്കുന്നത്. അയാളും രക്ഷ തേടുകയാണ്. സിനിമയുടെ അവസാനത്തിൽ ഉണ്ണിയുടെ സഹോദരിയെ പഠിപ്പിച്ച് ഡോക്ടറാക്കിയ ശേഷം അവളുടെ വീട്ടുപടിക്കലെ നെയിം ബോർഡിലേക്ക് നോക്കി ഹരിദാസ് ഒന്ന് ചിരിക്കും. അത് ആരുടേത് പോലുള്ള ചിരിയെന്നാകും എംടി എഴുതിയിട്ടുണ്ടാകുക. ഉണ്ണിയുടേതോ, ഇളയതിന്റേതോ...അതോ രക്ഷ കണ്ടെത്തിയ ആ പാപിയുടേതോ?
ഇത്തരത്തിൽ അനിർവചനീയമായ പല അവസ്ഥകളും മനുഷ്യജീവിതത്തിൽ ഉണ്ടായേക്കാം. നിർവചിക്കാനാകാത്തത് ഭാഷയുടെ പരിമിതിയാണ്. മുഖത്തിന് ആ പരിമിതിയില്ല. ഒട്ടനവധി വികാരങ്ങൾ ഈ ത്വക്കിലൂടെ നമ്മൾ ഒരു ദിവസം പ്രസരിപ്പിക്കുന്നുണ്ട്. ഇതിൽ ചിലത് നോട്ടപ്പിശക് കൊണ്ട് നമ്മൾ തെറ്റിവായിക്കും. ഉന്മാദാവസ്ഥയിൽ ഇരിക്കുന്ന ചിലരോട് നീ എന്താ അഭിനയിക്കുകയാണോ എന്ന് ചോദിച്ചു കണ്ടിട്ടില്ലേ? അതിന് മോഹൻലാൽ കൂടി ഉത്തരവാദിയാണ്. മോഹൻലാലിന്റെ പല കഥാപാത്രങ്ങളിലൂടെ ഉന്മാദത്തിന് നമ്മുടെ കണ്ണുകൾ സ്വയം ഉണ്ടാക്കിയെടുത്ത ഒരു രൂപമുണ്ട്. അതിനപ്പുറമാണെങ്കിൽ അത് അഭിനയമാണ്.
സദയം, കിരീടം, അഹം, ഭ്രമരം എന്നിങ്ങനെ നിരവധി സിനിമകളുടെ ഉദാഹരണം നമുക്ക് മുന്നിൽ കിടക്കുന്നു. ഈ നിരയിൽ ആർ. സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത പാദമുദ്രയിലെ സോപ്പ് കുട്ടപ്പന് സവിശേഷ സ്ഥാനമാണ്. കാണുന്നവരോട് എല്ലാം വഴക്കുണ്ടാക്കുന്ന കുട്ടപ്പൻ. അയാളെ വേട്ടയാടുന്നത് അവന്റെ തന്നെ മുഖമാണ്. അവന് കിട്ടിയത് അവൻ അച്ഛൻ എന്ന് വിളിക്കുന്ന ആളുടെ മുഖമല്ല, മാതു പണ്ടാരത്തിന്റെ മുഖമാണ്. അതും അച്ചിൽ വാർത്തതുപോലെ. പരിഹാസം അവനെ ജീവിതം മുഴുവൻ വിടാതെ പിന്തുടരുന്നു. ഒടുവിൽ തനിക്ക് പ്രിയപ്പെട്ടവളുടെ മൃതദേഹം പാറമടക്കുളത്തിൽ നിന്ന് പൊക്കിയെടുക്കുമ്പോൾ, സഹോദരിയുടെ കാമുകൻ അർധസഹോദരിയുമായി ബന്ധപ്പെടുന്നുവെന്ന് അറിയുമ്പോൾ അയാൾക്ക് പിടിത്തംവിടുന്നു. നാഴി അരികൊണ്ട് എന്റെ പട്ടിണി മാറുമോ എന്ന് അർധസഹോദരി ചോദിക്കുന്നിടത്ത് അവൻ മാതുപണ്ടാരത്തെ അറിയുന്നു. രഹസ്യസമാഗമനത്തിനായി ആണുങ്ങൾ പൊളിച്ചു ചാടിയ വേലിയിൽ ക്രൂശിതനായ യേശുവിനെപ്പോലെ കൈകൾ വിടർത്തി നിൽക്കുന്ന കുട്ടപ്പന്റെ മുഖത്ത് ഉന്മാദം തളം കെട്ടുന്നത് കാണാം. അവൻ ആ വേലിയും പറിച്ച് ഓടുകയാണ്. ആവനെ ക്രൂശിക്കാനായി ജനങ്ങളും. സോപ്പുകുട്ടപ്പനും മാതു പണ്ടാരത്തിനും രണ്ട് വ്യത്യസ്ത സ്വത്വമാണ് മോഹൻലാൽ നൽകുന്നത്. കാമവും, പാരവശ്യവും ഭ്രാന്തും പരവേശവും നിസഹായതയും അയാൾ അതിവിദഗ്ധമായി ഇരു കഥാപാത്രങ്ങൾക്കും വീതിച്ചു നൽകുന്നു. നടപ്പിലും ഇരുപ്പിലും സംസാരത്തിലും രണ്ടാകുമ്പോഴും കുട്ടപ്പനും മാതുവും ഒന്നാകുന്നു. അച്ഛനും മകനുമാകുന്നു.
Also Read: VIDEO | എന്താകും ടാരന്‍റീനോയുടെ പത്താം പടം? ഹോളിവുഡിലെ 'സിനിമാ പ്രാന്തന്‍റെ' കഥ
മോഹൻലാൽ എന്ന നടൻ പകർന്നാടിയ വേഷങ്ങൾ അനവധിയാണ്. ഉദാഹരണങ്ങൾ നിരത്തിയാൽ അതിങ്ങനെ നീണ്ടുനീണ്ട് പോകും. ഇനിയും കണ്ടെത്താത്ത സാധ്യതകളുടെ ഒരു ശേഖരം തന്നെ ആ നടനിലുണ്ട്. ഇനിയും പൂർണ വളർച്ച എത്താത്ത നടനാണ് മോഹൻലാൽ. അയാൾ ഇപ്പോഴും ശൈശവ ദശയിലാണ്. ആ കുട്ടിയുടെ കളിചിരികളും നൊമ്പലങ്ങളുമാണ് ഇപ്പോഴും നമ്മൾ കാണുന്നത്. അയാൾ ഇനി യുവാവാകും, വൃദ്ധനാകും...പൂർണതയിലേക്കുള്ള യാത്രയിൽ അയാൾ വീണ്ടും ഒരു കുട്ടിയാകും. ഇതൊക്കെ ഒരു മേക്ക് ബിലീഫ് അല്ലേ എന്ന് ചുണ്ട് കടിച്ച് നാണത്തോടെ ചിരിച്ചുകൊണ്ട് പറയും.