കൊലപാതകത്തിൽ സന്ധ്യയുടെ അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണം
എറണാകുളം മൂഴിക്കുളത്ത് നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ സന്ധ്യയുടെ കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് അച്ഛൻ സുഭാഷ്. കൊലപാതകമുണ്ടായ ദിവസം അസ്വാഭാവികമായി ഒന്നും നടന്നില്ല. സന്ധ്യയുടെ വീട്ടിൽ അന്ന് കുട്ടിയെ കൊണ്ടുപോയിരുന്നോ എന്ന് സംശയം ഉണ്ടെന്നും കുട്ടിയുടെ അച്ഛൻ സുഭാഷ് പറയുന്നു.
"കൊലപാതകത്തിൽ അമ്മയുടെയും സഹോദരിയുടെയും പങ്ക് അന്വേഷിക്കണം. സന്ധ്യ പതിവായി അവളുടെ വീട്ടിൽ നിന്ന് പണം വാങ്ങിയിരുന്നു. ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു എന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. ഇത് എന്ത് ചെയ്തു എന്ന് അറിയില്ല. കുഞ്ഞിന്റെ മരണത്തിനുശേഷമാണ് സന്ധ്യയ്ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് കുടുംബം പറയുന്നത്. ഇത് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ്. ആവശ്യമെങ്കിൽ സന്ധ്യയുടെ കുടുംബത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും" സുഭാഷ്.
അതേസമയം, സംഭവത്തിൽ അമ്മ സന്ധ്യയുടെ മൊഴി പുറത്തുവന്നിട്ടുണ്ട്. മകളുമൊത്ത് ആലുവ പുഴയിൽ ചാടി മരിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നതെന്നും ആലുവപ്പുഴയുടെ പരിസരത്തെത്തിയത് അതിനായിരുന്നുവെന്നും സന്ധ്യ പൊലീസിനോട് പറഞ്ഞു. സംശയം തോന്നിയ പ്രദേശവാസികൾ ചോദ്യം ചെയ്തതോടെയാണ് മൂഴിക്കുളത്തേക്ക് പോയത്. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ കൊന്നത്. ജീവനൊടുക്കാനും തീരുമാനിച്ചിരുന്നു. കുട്ടികൾക്ക് തന്നേക്കാൾ പ്രിയം ഭർത്താവിനൊടാണ്. മൂത്ത കുട്ടിയെയും അപായപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നും സന്ധ്യ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.