തീ നിയന്ത്രണവിധേയമാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ അറിയിച്ചു.
പശ്ചിമബംഗാൾ കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. ഫാൽപട്ടി മച്ചുവയ്ക്ക് സമീപമുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ അറിയിച്ചു.
ഋതുരാജ് ഹോട്ടൽ വളപ്പിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി ഹോട്ടലില്‍നിന്നു പുറത്തേക്ക് ചാടിയ ഒരാളും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അപകടം അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
പശ്ചിമബംഗാൾ സർക്കാരിനെയും കൊൽക്കത്ത കോർപ്പറേഷനെയും വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ തടയുന്നതിനായി അഗ്നി സുരക്ഷാ നടപടികൾ കർശനമായി നിരീക്ഷിക്കണണെന്ന് സംസ്ഥാന ബിജെപി പ്രസിഡൻ്റ് സുകാന്ത മജുംദാർ സർക്കാരിനോട് ആവശ്യപ്പെട്ടു. കെട്ടിടത്തിൽ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് ശുഭാങ്കറിൻ്റെ വിമർശനം.