സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‌സി അംഗങ്ങൾക്കും ചെയർമാൻമാർക്കുമാണ് ആനുകൂല്യം ലഭിക്കുക.
സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയർമാൻമാർക്കും അംഗങ്ങൾക്കും പെൻഷൻ കൂട്ടാൻ ഉത്തരവിറക്കി സർക്കാർ. ഹൈക്കോടതി നിർദേശം അംഗീകാരിച്ചാണ് സർക്കാർ ഉത്തരവ്. പിഎസ്‌സി അംഗങ്ങൾക്ക് ശമ്പളം കുത്തനെ കൂട്ടിയതിന് പുറമെയാണ് പെൻഷനും കൂട്ടാൻ തീരുമാനമായത്. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്.
നേരത്തെ സർവീസ് പെൻഷൻ, അല്ലെങ്കിൽ പിഎസ്‌സി അംഗത്തിന് നൽകുന്ന പെൻഷൻ, ഇതിൽ ഒന്നിന് മാത്രമായിരുന്നു ജീവനക്കാർക്ക് അർഹത. എന്നാൽ ഇനി സർക്കാർ സർവീസ് കാലവും കൂടി കണക്കാക്കി പിഎസ്‌സി അംഗങ്ങൾക്ക് പെൻഷൻ നൽകും. സർക്കാർ ജീവനക്കാരായിരുന്ന പിഎസ്‌സി അംഗങ്ങൾക്കും ചെയർമാൻമാർക്കുമാണ് ആനുകൂല്യം ലഭിക്കുക. കോടതി നിർദേശം കൂടി അംഗീകാരിച്ചാണ് സർക്കാർ ഉത്തരവ്.
നേരത്തെ പിഎസ്‌സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ച് ഉത്തരവിറങ്ങിയിരുന്നു.ആനുകൂല്യവും അലവൻസും ചേർത്താൽ മൂന്നര ലക്ഷത്തിനു മുകളിൽ ശമ്പളം ലഭിക്കും. വിവാദമായതിനെ തുടർന്ന് നേരത്തെ മാറ്റിവെച്ച ശുപാർശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. 76,000 രൂപയിൽ നിന്ന് ഒറ്റയടിക്ക് രണ്ടേകാൽ ലക്ഷത്തോളമാണ് കൂട്ടിയത്. പിഎസ്‌സിയിലെ ഭൂരിപക്ഷം പേരും സർക്കാർ സർവീസിൽ ഉള്ളവരാണെന്നും അവിടെ തുടർന്നിരുന്നെങ്കിൽ ഈ ശമ്പളത്തേക്കാൾ അധികം ലഭിക്കുമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്.