കോടതി വിലക്കിയിട്ടും വിവാദമായ 'സര്‍ബത്ത് ജിഹാദ്' പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണ് ബാബാ രാംദേവ്. ബാബാ രാംദേവിന് നിയന്ത്രണമില്ലെന്നും അദ്ദേഹം സ്വന്തം ലോകത്താണ് ജീവിക്കുന്നതെന്നും ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. നേരത്തേയും വിദ്വേഷ പരാമര്‍ശങ്ങള്‍ ബാബാ രാംദേവ് നടത്തിയിരുന്നു. കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു.
കോടതി നിര്‍ദ്ദേശപ്രകാരം 24 മണിക്കൂറിനുള്ളില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോയുടെ വിവാദ ഭാഗം നീക്കം ചെയ്യാന്‍ ബാബാ രാംദേവ് സമ്മതിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഹംദാര്‍ദ് നാഷണല്‍ ഫൗണ്ടേഷന്‍ (ഇന്ത്യ) രാംദേവിനും പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡിനും എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
റൂഹ് അഫ്‌സയുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു രാംദേവിന്റെ ആരോപണം. ഇത് 'സര്‍ബത്ത് ജിഹാദ്' ആണെന്നും പരാമര്‍ശിച്ചു. രാംദേവിന്റെ പരാമര്‍ശങ്ങള്‍ കോടതിയുടെ മനസ്സാക്ഷിയെ ഇളക്കി മറിച്ചുവെന്നും ന്യായീകരിക്കാനാവാത്തതാണെന്നും പറഞ്ഞ് ഏപ്രില്‍ 22ന് ഡല്‍ഹി ഹൈക്കോടതി രാംദേവിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്, ബന്ധപ്പെട്ട എല്ലാ വീഡിയോകളും പരസ്യങ്ങളും നീക്കം ചെയ്യുമെന്ന് രാംദേവ് കോടതിക്ക് ഉറപ്പ് നല്‍കുകയും, ഭാവിയില്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കുമെന്ന് സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
Also Read: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവിനെതിരെ പാലക്കാട് കോടതിയുടെ വാറന്റ്
എന്നാല്‍, സമാനമായ അധിക്ഷേപങ്ങള്‍ അടങ്ങിയ പുതിയ വീഡിയോ അടുത്തിടെ വീണ്ടും വൈറലായെന്ന് വ്യാഴാഴ്ചത്തെ വാദം കേള്‍ക്കലിനിടെ ഹംദാര്‍ദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത്, വീഡിയോ പ്രഥമദൃഷ്ട്യാ അവഹേളനപരമാണെന്നും കോടതിക്ക് നല്‍കിയ സത്യവാങ്മൂലം രാംദേവ് ലംഘിച്ചെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുമെന്നും രാംദേവ് നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടു.
ബാബാ രാംദേവിനെതിരായ കോടതിയലക്ഷ്യക്കേസ് ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
ബാബ രാംദേവിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ കണ്ടപ്പോള്‍ സ്വന്തം ചെവിയേയും കണ്ണുകളേയും വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു കോടതി നേരത്തേ പറഞ്ഞത്. ഹംദാര്‍ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി, വിഷയം അവഹേളനത്തിന് അപ്പുറമാണെന്നും വര്‍ഗീയ കലഹങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗത്തിന് തുല്യമാണെന്നും വാദിച്ചു. വീഡിയോ നീക്കം ചെയ്യണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ എല്ലാ വീഡിയോകളും നീക്കം ചെയ്യുമെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം പതഞ്ജലിയുടെ റോസ് സര്‍ബത്ത് പുറത്തിറക്കിയ വേളയിലാണ് ബാബ രാംദേവ് വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. 'നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അതില്‍ നിന്ന് ലഭിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു' ബാബ രാംദേവ് പറഞ്ഞത്. പതഞ്ജലിയുടെ സര്‍ബത്ത് വാങ്ങിക്കുകയാണെങ്കില്‍ ആ പണം ഗുരുകുലങ്ങള്‍ നിര്‍മ്മിക്കാനും ആചാര്യകുലങ്ങള്‍ നവീകരിക്കാനും പതഞ്ജലി സര്‍വകലാശാല വികസിപ്പിക്കാനും ഭാരതീയ ശിക്ഷ ബോര്‍ഡിനെ ഉയര്‍ത്താനും ഉപയോഗിക്കുമെന്നുമായിരുന്നു രാംദേവിന്റെ പ്രസ്താവന.
ലൗവ് ജിഹാദ് പോലെ തന്നെ ഒരുതരം സര്‍ബത്ത് ജിഹാദ് ആണെന്നും സര്‍ബത്ത് ജിഹാദില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കണമെന്നുമായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം.
മറ്റ് സര്‍ബത്ത് ബ്രാന്‍ഡുകളെ ' ടോയ്ലറ്റ് ക്ലീനറുകളാ'യി താരതമ്യം ചെയ്ത രാംദേവ് ഇത്തരത്തില്‍ വില്‍ക്കുന്ന സോഫ്റ്റ് ഡ്രിങ്കോ സര്‍ബത്ത് ജിഹാദോ പോലുള്ള വിഷങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണമെന്നും പതഞ്ജലി സര്‍ബത്തുകളും പാനീയങ്ങളും മാത്രം തിരഞ്ഞെടുക്കണമെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.