fbwpx
"ഇന്ത്യന്‍ സിനിമ വരും വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കും"; അല്ലു അര്‍ജുന്‍
logo

ന്യൂസ് ഡെസ്ക്

Posted : 01 May, 2025 09:54 PM

തന്റെ സിനിമകള്‍ വ്യത്യസ്തമായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു

TELUGU MOVIE


ഇന്ത്യന്‍ സിനിമ വളര്‍ച്ചയുടെ പാതയിലാണെന്നും ഉടന്‍ തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നും അല്ലു അര്‍ജുന്‍. ഇന്ത്യയിലെ ആദ്യത്തെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ട്ടെയിന്‍മെന്റ് സമ്മിറ്റില്‍ 'ടാലന്റ് ബിയോണ്ട് ബോഡേഴ്‌സ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അല്ലു അര്‍ജുന്‍. അതിര്‍ത്തികള്‍ ബേധിച്ച് ഇന്ത്യന്‍ സിനിമയെ ആഗോള തലത്തില്‍ എത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം അഭിപ്രായപ്പെട്ടു.

"മറ്റ് സിനിമാ മേഖലകളോടുള്ള എല്ലാ ബഹുമാനവും ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പറയട്ടേ. ഹോളിവുഡ്, കൊറിയന്‍, ഇറാനിയന്‍, ചൈനീസ് സിനിമകള്‍ എല്ലാം തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ചവയാണ്. നമ്മള്‍ വളരെ വലിയ സിനിമാ മേഖലയാണ്. പതിറ്റാണ്ടുകളായി നമ്മള്‍ ഇവിടെയുണ്ട്. പക്ഷെ നമുക്ക് ഒരിക്കലും ആഗോള ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കാനായിട്ടില്ല. അതിന് സമയമായെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യ അവിടേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യമെന്ന നിലയില്‍ നമ്മള്‍ വളരുകയാണ്. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സിനിമ ആഗോള തലത്തില്‍ വ്യക്തിമുദ്ര പദിപ്പിക്കും", എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്.

വേവ്‌സ് സമ്മിറ്റ് പോലുള്ള കാര്യങ്ങള്‍ രാജ്യത്ത് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും താരം പറഞ്ഞു. "ഇതിപ്പോള്‍ സംഭവിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മറ്റ് മേഖലകളില്‍ ഇത്തരം സമ്മിറ്റുകള്‍ നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് വിനോദ മേഖലയിലും സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ അത് ശരിക്കും സംഭവിച്ചിരിക്കുകയാണ്", എന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തണമെങ്കില്‍ ആധികാരികമായ കഥകള്‍ ആണ് പറയേണ്ടതെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി. "എല്ലാം എന്നില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ലോകത്ത് എല്ലാം വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. കെ പോപ്പ്, കെ ഡ്രാമാ, പ്രാദേശിക സിനിമകള്‍, ഹോളിവുഡ് സിനിമകള്‍, എല്ലാം എന്നില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ എത്താനുള്ള ഏക മാര്‍ഗം പ്രാദേശികമായ കഥകള്‍ പറയുക എന്നതാണ്", താരം അഭിപ്രായപ്പെട്ടു.



ALSO READ: "ഇത് അശ്രദ്ധമായ പെരുമാറ്റം"; ആരാധകര്‍ ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ തന്നെ പിന്തുടരുന്നതില്‍ വിജയ്




താന്‍ ഒരു കാലത്ത് പ്രാദേശിക നടനായിരുന്നു. എന്നാല്‍ പുഷ്പ ഫ്രാഞ്ചൈസിലൂടെ ആ കാര്യം മാറി മറഞ്ഞുവെന്നും അല്ലു പറഞ്ഞു. "എല്ലാവര്‍ക്കും ഇപ്പോള്‍ എന്റെ മുഖം അറിയാം. ഇപ്പോള്‍ പുഷ്പയിലൂടെ മുഴുവന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെയും അനുഗ്രഹവും കാരണം ഞാന്‍ കൂടുതല്‍ പരിചിതനായി. ഇതൊരു നീണ്ട യാത്രയാണ്. ആ യാത്ര ആരംഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്", താരം വ്യക്തമാക്കി.

തന്റെ സിനിമകള്‍ വ്യത്യസ്തമായിരിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. "സിനിമകള്‍ ഒരിക്കലും ആവര്‍ത്തിക്കരുത്. നമ്മള്‍ അറിയാതെ തന്നെ നമുക്ക് ഒരു പാറ്റേണ്‍ ഉണ്ടായി തീരും. പക്ഷെ ബോധപൂര്‍വ്വം അതിനെ ഇല്ലാതാക്കാന്‍ നമ്മള്‍ ശ്രമിക്കണം. എന്നിട്ട് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം", എന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

അതുപോലെ ഇന്നത്തെ ലോകത്ത് ഒരു നടന് അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാനാവില്ലെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി. "നിങ്ങള്‍ക്ക് ഒന്നിലധികം കഴിവുകള്‍ ഉണ്ടായിരിക്കണം. മികച്ച തിരക്കഥ തിരഞ്ഞെടുക്കാനുള്ള കഴിവും സാങ്കേതിക അവബോധവും ഉണ്ടായിരിക്കണം. വിപണിയെ കുറിച്ചും മാര്‍ക്കറ്റിംഗിനെ കുറിച്ചും വിതരണത്തെ കുറിച്ചും അറിവ് ഉണ്ടായിരിക്കണം. ഈ രാജ്യത്ത് ഹിന്ദി, മലയാളം, തമിഴ്, കന്നഡ, എന്നീ വ്യവസായങ്ങളില്‍ നിന്നുള്ള നിരവധി അഭിനേതാക്കളുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒന്നിലധികം ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നും", താരം അഭിപ്രായപ്പെട്ടു.

Also Read
user
Share This

Popular

NATIONAL
NATIONAL
മംഗലാപുരത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം; ബജ്‌റംഗ്ദള്‍ നേതാവിനെ വെട്ടിക്കൊന്നു