"അരുണാചല്‍ പ്രദേശ് മുമ്പും ഇപ്പോഴും ഇനി എപ്പോഴും ഇന്ത്യയുടെ ഭാഗം തന്നെയാണ്"
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ബദല്‍ പേരുകള്‍ നല്‍കിയ ചൈനയുടെ നടപടിയെ തള്ളി ഇന്ത്യ. പുതിയ പേരുകള്‍ നല്‍കിയെന്നതുകൊണ്ട് യാഥാര്‍ഥ്യത്തെ ഇല്ലാതാക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
അരുണാചല്‍ പ്രദേശ് എല്ലാ കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
'ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ മറ്റു സ്ഥലങ്ങള്‍ക്കും പേരുകള്‍ നല്‍കികൊണ്ടുള്ള ചൈനയുടെ നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തിന്‍റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഈ ശ്രമങ്ങളെ തള്ളിക്കളയുന്നതായി അറിയിക്കുന്നു. പുതിയ പേരുകള്‍ നല്‍കിയതുകൊണ്ട് യാഥാര്‍ഥ്യം ഇല്ലാതാകുന്നില്ല. അരുണാചല്‍ പ്രദേശ് മുമ്പും ഇപ്പോഴും ഇനി എപ്പോഴും ഇന്ത്യയുടെ ഭാഗം തന്നെയാണ്,' പത്രക്കുറിപ്പില്‍ പറയുന്നു.
ALSO READ: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ഗവായ് ചുമതലയേറ്റു
ഏപ്രില്‍ ഒന്നിന് ചൈന അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കികൊണ്ടുള്ള ഒരു ലിസ്റ്റ് പുറത്തുവിട്ടിരുന്നു. അരുണാചല്‍ പ്രദേശിന് മേല്‍ ചൈന അവകാശവാദം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കികൊണ്ട് വീണ്ടും പട്ടിക പുറത്തുവിട്ടത്. ചൈനയുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ് എന്നാണ് ചൈനയുടെ വാദം.
മെയ് ഒന്നു മുതല്‍ ഈ പുതിയ പേരുകള്‍ നിലവില്‍ വരുമെന്നും ചൈന അറിയിച്ചിരുന്നു. ചൈനീസ് ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റിലാണ് സ്ഥലങ്ങളുടെ പുതിയ പേരുകള്‍ പ്രസിദ്ധീകരിച്ചത്. 30 സ്ഥലങ്ങള്‍ക്കാണ് പുതിയ പേരുകള്‍ നല്‍കിയിരിക്കുന്നത്. ഇത് ഈ വര്‍ഷം മുതല്‍ ചൈനയുടെ ഔദ്യോഗിക മാപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി തവങ് പ്രവിശ്യയിലെ സേല ടണലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതില്‍ ചൈനയ്ക്ക് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കികൊണ്ടുള്ള ലിസ്റ്റ് ചൈന പുറത്തുവിട്ടത്.