രാജ്യത്തിന് നേരെ പ്രകോപനപരമായ രീതിയിലുളള ആശയങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് വിവരം.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ അഭിനേതാക്കളായ മാഹിറാ ഖാൻ, ഹനിയ ആമീർ, അലി സഫർ തുടങ്ങിയവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. ഇന്ത്യ-പാക് ബന്ധം മുഴുവനായും വിച്ഛേദിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
പാകിസ്ഥാനിലെ 16ഓളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ അക്കൗണ്ടുകളും ഇന്ത്യ ബ്ലോക്ക് ചെയ്തിട്ടുണ്ട്. രാജ്യത്തിന് നേരെ പ്രകോപനപരമായ രീതിയിലുളള ആശയങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് വിവരം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പഹൽഗാമിൻ്റെ പുൽത്തകിടിയിൽ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന ടൂറിസ്റ്റുകൾ ഉൾപ്പെടെ 26 പേരെ ഭീകരർ വെടിവെച്ച് കൊന്നത്. പഹൽഗാം ഭീകരാക്രമണം പരാമർശിച്ച് കൊണ്ട് ടെലിവിഷൻ അഭിനേതാവായ ഹനിയ ആമീർ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്.
"ദുരന്തങ്ങൾ എവിടെ ആയാലും ദുരന്തങ്ങളാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവം വളരെ വേദനാജനകമാണ്. അക്രമണത്തിൽ പൊലിഞ്ഞ ജീവനുകളെ ഓർത്ത് ഞാൻ ദുഃഖിക്കുന്നു. നാമെല്ലാം ഒന്നാണെന്ന് പ്രതീക്ഷിക്കുന്നു. ഈ സങ്കടത്തിൽ ഒരു വേർതിരിവും കൂടാതെ നമുക്ക് പങ്കുചേരാം," എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം.
'മേരാ ഹം സഫർ', 'കഭി മേം കഭി തൂ' എന്നീ പാകിസ്ഥാൻ സീരിയലുകളിലൂടെ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് ഹനിയ. 2017ൽ ഷാരൂഖ് ഖാനൊപ്പം 'റയീസ്' എന്ന ചിത്രത്തിൽ മഹീറാ ഖാൻ അഭിനയിച്ചിറ്റുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും അട്ടാരി അതിർത്തി അടയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഇന്ത്യയുടെ വ്യോമപാത പാകിസ്ഥാനും അടച്ചിട്ടിരുന്നു.