ഒരു കെട്ടിടത്തിന് ഒരു ലക്ഷം രൂപ വരെ കൈക്കൂലി ലഭിക്കാറുണ്ട്. മാസം കുറഞ്ഞത് 30 കെട്ടിടങ്ങളുടെ ഫയലെങ്കിലും ലഭിക്കുമെന്നും സ്വപ്ന വെളിപ്പെടുത്തി
കൊച്ചി കോർപ്പറേഷനിൽ നടക്കുന്നത് വലിയ കൈക്കൂലി ഇടപാടുകളെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൈക്കൂലി കേസിൽ പിടിയിലായ കൊച്ചിൻ കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന. വിജിലൻസ് കസ്റ്റഡിയിൽ സ്വപ്ന കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
കെട്ടിടം നമ്പറിട്ട് നൽകാൻ നിർബന്ധമായും കൈക്കൂലി നൽകണമെന്ന് കൊച്ചിൻ കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന വെളിപ്പെടുത്തി. കുറഞ്ഞ കൈക്കൂലി 10,000 രൂപയാണ് വാങ്ങിയിരുന്നത്. ഒരു കെട്ടിടത്തിന് ഒരു ലക്ഷം രൂപ വരെ കൈക്കൂലി ലഭിക്കാറുണ്ട്. മാസം കുറഞ്ഞത് 30 കെട്ടിടങ്ങളുടെ ഫയലെങ്കിലും ലഭിക്കുമെന്നും സ്വപ്ന വെളിപ്പെടുത്തി. അന്വേഷണത്തിൻ്റെ ഭാഗമായി കൊച്ചി കോർപ്പറേഷനിലെ എട്ട് ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യം ചെയ്തു.
സ്വപ്ന അടക്കമുള്ളവർ കൈക്കൂലിയെ പറഞ്ഞിരുന്ന പേര് 'സ്കീം' എന്നാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സ്വപ്ന നേരത്തെ നടത്തിയിരുന്നു. ബിൽഡിങ്ങ് ഇൻസ്പെക്ടർ സ്വപ്ന കൈക്കൂലി വാങ്ങിയിരുന്നത് ഇടനിലക്കാരൻ മുഖേനയാണ്. തൃശൂരിലെ വീട്ടിലേക്ക് പോകാനുളളത് കൊണ്ട് മാത്രമാണ് നേരിട്ട് പണം വാങ്ങാൻ ചെന്നതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. പകുതിയിലധികം ബിൽഡിങ് ഇൻസ്പെക്ടർമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും കൈക്കൂലിക്കാരാണെന്നും, താനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൈക്കൂലി വാങ്ങുന്നതെന്നും സ്വപ്ന വിജിലൻസിനോട് വെളിപ്പെടുത്തിയിരുന്നു.
കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയൊണ് സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയര്‍ ആയിരുന്നു സ്വപ്‌ന. ഇവര്‍ തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയാണ്. എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. വൈറ്റില വൈലോപ്പിള്ളി റോഡില്‍ പൊന്നുരുന്നി ക്ഷേത്രത്തിന് സമീപം സ്വന്തം കാറില്‍ വെച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്‌ന പിടിയിലായത്.