ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായി തുടരും
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. "ചില യാത്രകള്‍ക്ക് ശബ്ദത്തിന്റെ ആവശ്യമില്ല. അത് മുന്നോട്ട് കൊണ്ട് പോകാന്‍ ഹൃദയങ്ങളാണ് വേണ്ടത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തില്‍ തുടരും സ്ഥാനം നേടി. കേരളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ തകര്‍ത്ത് മുന്നേറുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി", എന്ന ക്യാപ്ക്ഷനോടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.
ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായി തുടരും. ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയത് മാര്‍ച്ച് 27ന് തിയേറ്ററിലെത്തിയ എമ്പുരാനായിരുന്നു. ഏപ്രില്‍ 25നാണ് തുടരും തിയേറ്ററിലെത്തിയത്. ചിത്രം ഇപ്പോഴും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
ALSO READ : "ഞാന്‍ എന്നെ ഹോട്ടായി കരുതിയിട്ടില്ല"; ഊ ആണ്ടവാ വെല്ലുവിളിയായിരുന്നുവെന്ന് സമാന്ത
റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തിയത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം പ്രകാശ് വര്‍മ്മ, ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.