ചർച്ചകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകട്ടെയെന്നും മാർപാപ്പ സന്ദേശത്തിലൂടെ അറിയിച്ചു
ഇന്ത്യ-പാക് വെടിനിർത്തലിൽ സന്തോഷമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ലോകത്ത് സമാധാനം പുലരട്ടെ എന്നും സന്ദേശത്തിലൂടെ അറിയിച്ചു. വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ചർച്ചകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകട്ടെയെന്നും സന്ദേശത്തിൽ പറയുന്നു. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ് അറിയിച്ചത്. യുഎസിന്റെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു സമ്മതിച്ചതെന്നായിരുന്നു ട്രംപിൻ്റെ അറിയിപ്പിൽ പറഞ്ഞിരുന്നത്.
ഇതിനുപിന്നാലെ ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാറിന് തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ധർ അറിയിപ്പ് പുറത്തുവിട്ടു. ഭാവിയിൽ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് ഭീകരപ്രവർത്തനവും യുദ്ധസമാനമായ പ്രവൃത്തിയായി കാണുമെന്നും, അതിന് തക്കതായ മറുപടി നൽകുമെന്നും കേന്ദ്ര സർക്കാരിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വെടിനിർത്തലിന് ധാരണയായതായി ട്രംപ് ട്വീറ്റ് ചെയ്തത്.
അതിർത്തിയിൽ സമാധാനം പുലരുന്നു എന്നുപറഞ്ഞുകൊണ്ടാണ് ഇന്ത്യ വെടിനിർത്തൽ കരാറിന് സമ്മതം അറിയിച്ചത്. എന്നാൽ സൗദി അറേബ്യയും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലെന്ന യുഎസിൻ്റെ പ്രഖ്യാപനം ഇന്ത്യ തള്ളിയിരുന്നു.
"ശാന്തിയും സമാധാനവും നിങ്ങളുടെ ഹൃദയങ്ങളിലും, കുടുംബാംഗങ്ങളിലേക്കും ഉറ്റവരിലേക്കും ചുറ്റുമുള്ളവരിലേക്കും എത്തപ്പെടട്ടെ," എന്നായിരുന്നു, മാർപാപ്പയായി സ്ഥാനമേറ്റിന് പിന്നാലെ ലിയോ പതിനാലാമൻ്റെ ആദ്യ പ്രതികരണം.