വെസ്റ്റ് ബംഗാൾ സ്വദേശിയായ 15കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും 25000 രൂപക്ക് വിൽക്കുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്
മനുഷ്യക്കടത്ത്, പോക്സോ കേസുകളിൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ അഞ്ച് മാസത്തിന് ശേഷം അതിസാഹസികമായി പൊലീസ് പിടികൂടി. അസം സ്വദേശി നസീദുൽ ഷെയ്ഖിനെയാണ് കോഴിക്കോട് നല്ലളം പൊലീസ് പിടികൂടിയത്. അസമിലെ ഭവാനിപൂരിൽ എത്തിയാണ് നല്ലളം പൊലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. വെസ്റ്റ് ബംഗാൾ സ്വദേശിയായ 15കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും 25000 രൂപക്ക് വിൽക്കുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.
2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 15കാരിയായ പെൺകുട്ടിയെ നസീദുൽ ഷെയ്ഖ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹരിയാനയിൽ എത്തിച്ച പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ പ്രതി, ഹരിയാന സ്വദേശി സുശീൽ കുമാറിന് 25000 രൂപക്ക് വിൽക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ കോഴിക്കോട് നല്ലളത്ത് മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. പിന്നാലെ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ, നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ നസീദുൽ ഷെയ്ഖിനെ 2024 നവംബറിൽ പിടികൂടിയിരുന്നെങ്കിലും ട്രെയിൻ മാർഗം കേരളത്തിലേക്ക് എത്തിക്കുന്നതിനിടെ ഇയാൾ രക്ഷപെടുകയായിരുന്നു. ഇത് നാല് പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും കാരണമായി. ട്രെയിൻ ബീഹാറിൽ എത്തിയപ്പോൾ പ്രതി ശുചിമുറി ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് വിലങ്ങ് അഴിപ്പിക്കുകയും രക്ഷപെടുകയുമായിരുന്നു. പൊലീസിന് നാണക്കേടുണ്ടാക്കിയ കേസിൽ, അഞ്ച് മാസത്തിനുള്ളിൽ അതിസാഹസികമായാണ് പ്രതിയെ അന്വേഷണ സംഘം വീണ്ടും പിടികൂടിയത്.
സിപിഒ സഫീൻ, സുഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തേടി അസമിലെത്തിയത്. സ്വന്തം വീട്ടിൽ കഴിയാതെ, ഫോൺ പോലും ഉപയോഗിക്കാതെ അസമിലെ ഉൾഗ്രാമത്തിൽ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വീടുകളിൽ മാറി മാറി ഒളിച്ചു കഴിയുകയായിരുന്നു പ്രതി. പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നതിനാൽ ലോക്കൽ പൊലീസിന്റെ മതിയായ സഹായവും ഉണ്ടായിരുന്നില്ല. കയക്കുച്ചി ഔട്ട് പോസ്റ്റിൽ നിന്നും മഫ്ത്തിയിൽ ഒരാളെ മാത്രമാണ് സഹായത്തിനായി ലഭിച്ചത്. പ്രതിയെ അതി സാഹസികമായാണ് പിടികൂടിയത്.
നസീദുൽ ഷെയ്ഖിന് പണം നൽകിയ സുശീൽ കുമാർ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് സുശീൽ കുമാറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മൂന്നാം പ്രതിയാണ് സുശീൽ കുമാർ. പെൺകുട്ടിയ വിൽക്കാൻ ഇടനിലക്കാരനായി നിന്ന നസീദുൽ ഷെയ്ഖിന്റെ പിതാവ് കേസിൽ രണ്ടാം പ്രതിയാണ്. ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.