നടി ആകാൻ ആയിരുന്നു ലതികയുടെ ആഗ്രഹം. ചെറുപ്പം മുതൽ നാടകത്തിൽ അഭിനയിച്ചു, പിന്നീട് മയിലാട്ടം, അച്ചുവിൻ്റെ അമ്മ തുടങ്ങി 70ലധികം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി
കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന എന്റെ കേരളം-കുടുംബശ്രീ ദേശീയ സരസ് മേളയിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാരെ നിയന്ത്രിച്ചും ആവശ്യമായ നിർദേശങ്ങൾ നൽകിയും സന്ദർശകർക്കിടയിലൂടെ ഓടി നടക്കുകയാണ് ലതിക ചേച്ചി. വയസ് അറുപത്തിരണ്ടായെങ്കിലും പതിനെട്ടിന്റെ ചുറുചുറുക്കോടെയാണ് സുരക്ഷാ ജീവനക്കാരിയുടെ റോൾ ലതിക ചേച്ചി കൈകാര്യം ചെയ്യുന്നത്.
24 വർഷങ്ങൾക്ക് മുമ്പ് ഇതേ കടപ്പുറത്ത് നടന്ന മേളയിലായിരുന്നു സെക്യൂരിറ്റി ജോലിയുടെ തുടക്കം. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പിന്നീട് പല ജോലികൾ ചെയ്തു. കാവൽക്കാരിയായും, ആശുപത്രി ജീവനക്കാരിയായും ലതിക കന്യാകുമാരി മുതൽ മംഗളൂരു വരെ സഞ്ചരിച്ചു. ജോലിയില്ലാത്ത ദിവസങ്ങളിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിൽക്കാനിറങ്ങി.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഓടുമ്പോഴും സ്വന്തം സ്വപ്നങ്ങൾ മണ്ണിട്ടു മൂടാനൊന്നും മൂന്ന് പെണ്മക്കളുടെ അമ്മ കൂടിയായ ലതിക തയ്യാറായില്ല. നടി ആകാൻ ആയിരുന്നു ആഗ്രഹം. ചെറുപ്പം മുതൽ നാടകത്തിൽ അഭിനയിച്ചു, പിന്നീട് മയിലാട്ടം, അച്ചുവിൻ്റെ അമ്മ തുടങ്ങി 70ലധികം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി. പന്ത്രണ്ടോളം ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും അഭിനയിച്ചു. എമ്പുരാനാണ് അവസാനമായി മുഖം കാണിച്ച സിനിമ.
കുടുംബത്തിൻ്റെ പൂർണമായ പിന്തുണയാണ് ഈ സന്തോഷ ജീവിതത്തിനാധാരാമെന്ന് ലതിക പറയുന്നു. ആളുകൾ പലതും പറയും. നമുക്ക് സാധ്യമാകുമെന്ന് കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്ന് ലതിക ചേച്ചി കൂട്ടി ചേർത്തു.