സഭാനേതൃത്വം പള്ളിപിടിത്തം നടത്തുന്നു എന്നാരോപിച്ച് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് നടപടി
ഡോ. സഖറിയാസ് മാർ അപ്രേം
ഓർത്തഡോക്സ് സഭ അടൂർ- കടമ്പനാട് ഭദ്രാസനാധിപന് എതിരെ നടപടി. ഡോ. സഖറിയാസ് മാർ അപ്രേമിന് എതിരെയാണ് നടപടി. ഭദ്രാസന- സെമിനാരി ചുമതലകളിൽ നിന്ന് മാർ അപ്രേമിനെ നീക്കി. എപ്പിസ്കോപ്പൽ സുന്നഹദോസിൻ്റേതാണ് തീരുമാനം. സഭാനേതൃത്വം പള്ളിപിടിത്തം നടത്തുന്നു എന്നാരോപിച്ച് നടത്തിയ പ്രസംഗത്തിൻ്റെ പേരിലാണ് നടപടി.
ഭദ്രാസന ഭരണത്തിൽ നിന്നും സഭയുമായി ബന്ധപ്പെട്ട എല്ലാ ഭരണപരമായ കാര്യങ്ങളിൽ നിന്നും, സഭയുടെ വൈദിക സെമിനാരിയിലെ ചുമതലകളിൽ നിന്നും ഇനിയൊരു നിർദേശമുണ്ടാകുന്നതുവരെ സഖറിയാസ് മാർ അപ്രേമിനെ മാറ്റി നിർത്താനാണ് എപ്പിസ്‌ക്കോപ്പൽ സുന്നഹദോസിന്റെ തീരുമാനം. ഏതാനും ആഴ്ചകൾക്ക് മുൻപ് ഭദ്രാസനാധിപൻ നടത്തിയ പ്രസംഗങ്ങളിൽ സഭയുടെ ഔദ്യോഗിക നിലപാടുകൾക്ക് എതിരായ പരാമർശങ്ങൾ ഉണ്ടായി എന്നതാണ് നടപടിക്ക് കാരണമായി ഓർത്തഡോക്സ് സഭ അറിയിക്കുന്നത്.
മെത്രാപൊലീത്തയുടെ ഭരണപരമായ അധികാരങ്ങൾ ഉപേക്ഷിച്ച് പൂർണ സന്യാസിയായി മാറാനാണ് മാർ അപ്രേമിന് സഭയുടെ നിർദേശം. ഇതിന്റെ ഭാഗമായി ബിഷപ്പ് ഹൗസ് ഉപേക്ഷിച്ച് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലുള്ള മൗണ്ട് ഹൊറേബ് ദയറായിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ. സഖറിയാസ് മാർ അപ്രേം നടപടികൾക്ക് വഴിപ്പെടുമോ എന്നുറപ്പില്ല. സുന്നഹദോസിന് മുൻപ് സഭാതലവൻ കാതോലിക്ക ബാവയ്ക്ക് മാർ അപ്രേം വിശദീകരണം നൽകിയിരുന്നു. എന്നാൽ, സഭാ സുന്നഹദോസ് ഈ വിശദീകരണം തള്ളി.
Also Read: വിവാദങ്ങളില്‍ വഴിത്തിരിവ്; ഓർത്തഡോക്സ് സഭയ്ക്ക് എതിരായ പ്രസ്താവനകൾ പിന്‍വലിച്ച് ഓറിയൻ്റൽ സഭകള്‍
സഖറിയാസ് മാർ അപ്രേമിന്റെ പ്രസംഗം 1934ലെ മലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിക്കുന്നതും സഭയ്ക്ക് അനുകൂലമായ കോടതി വിധികൾ അപ്രധാനമാണെന്ന് പറയുന്നതിനും ഇടയാക്കിയെന്നാണ് എപ്പിസ്‌ക്കോപ്പൽ സുന്നഹദോസിന്റെ നിരീക്ഷണം. ഇത് സഭാ വിശ്വാസികളിൽ എതിർപ്പുകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചുവെന്ന് ഓർത്തഡോക്സ് സഭ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. സഭാധ്യക്ഷനും മലങ്കര മെത്രാപോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് ലഭിച്ച പരാതികൾ പരിഗണിക്കാനാണ് ഇന്ന് പ്രത്യേക സുന്നഹദോസ് ചേർന്നത്.
മാർ അപ്രേമിനെതിരെ നടപടി ആവശ്യപ്പെട്ട് സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ മിലിത്തിയൂസ് തന്നെ കാതോലിക്കാ ബാവക്ക് പരാതി നൽകിയിരുന്നു. 1974 ൽ അന്നത്തെ കാതോലിക്ക മാത്യൂസ് പ്രഥമൻ കോട്ടയം കോടതിയിൽ കൊടുത്ത കേസുമുതൽ, നാളിതു വരെയുള്ള കാതോലിക്കമാരും, മെത്രാന്മാരും, സഭാ വിശ്വാസികളും അനുഭവിച്ച കഷ്ടപാടുകൾ സഖറിയാസ് മാർ അപ്രേം തള്ളി പറയുകയാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
Also Read: "ഓർത്തഡോക്സ് സഭാ നേതാക്കൾ പള്ളിപിടിത്തക്കാർ"; ആരോപണവുമായി മാർ അപ്രേം മെത്രാപോലീത്ത
സഭാ നേതാക്കൾ പള്ളി പിടിത്തക്കാരാണെന്നായിരുന്നു സഖറിയാസ് മാർ അപ്രേമിന്റെ പ്രസ്താവന. തന്റെ ഭദ്രാസനത്തിൽ ഉൾപ്പെട്ട യാക്കോബായ പള്ളികൾ പിടിക്കാൻ ആവശ്യപ്പെട്ടതായി മാർ അപ്രേം മെത്രാപോലീത്ത വെളിപ്പെടുത്തി. നടക്കില്ലെന്ന് താൻ മറുപടി നൽകിയെന്നും മെത്രാപോലീത്ത അറിയിച്ചു.