"രാജു സഖാവിൻ്റെ മൃതശരീരം പാർട്ടി ഓഫീസുകളിൽ വെക്കേണ്ടതില്ല എന്നും അദ്ദേഹത്തെ വല്ലാതെ ദ്രോഹിച്ച രണ്ട് മൂന്നു വ്യക്തികൾ ഇങ്ങോട്ട് വരേണ്ടതില്ല എന്നും പറഞ്ഞത് ഞങ്ങളുടെ കുടുംബത്തിൻ്റെ തീരുമാനമാണ്"
മുൻ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫീസിൽ വയ്ക്കേണ്ട എന്നത് കുടുംബത്തിൻറെ തീരുമാനമെന്ന് ഭാര്യ ലതികാ രാജു. അപമാനിക്കാൻ ശ്രമിച്ചാൽ തെളിവുകൾ നിരത്തുമെന്നും ലതികാ രാജു ഫേസ്ബുക്കിൽ കുറിച്ചു. ഒരു അന്വേഷണ കമ്മീഷനും വിവരങ്ങൾ ചോദിക്കാൻ വീട്ടിൽ വന്നിട്ടില്ല. അപമാനം തുടർന്നാൽ തെളിവുകൾ നിരത്തിക്കൊണ്ട് എന്തുകൊണ്ട് ആ തീരുമാനം എടുത്തു എന്ന് പറയാൻ നിർബന്ധിതയാകും എന്നും ലതികാ രാജു ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
രാജു സഖാവിനെ ഇനിയും അപമാനിക്കരുത്.
ഫെബ്രുവരി 27 ന് ഞങ്ങളെ വിട്ടു പിരിഞ്ഞ എൻ്റെ ഭർത്താവ് പി.രാജു വിനെതിരെ നടത്തി വരുന്ന അപവാദ പ്രചരണങ്ങൾ ഇപ്പോഴും തുടർന്നുവരുകയാണ്. ജീവിച്ചിരുന്നപ്പോഴോ മരണശയ്യയിലോ രാജുസഖാവിന് നീതി കിട്ടിയില്ല. ഏതോ അന്വേഷണ കമ്മീഷൻ്റെ പേരിലാണ് പുതിയ അപമാനിക്കൽ . ഒരു അന്വേഷണ കമ്മീഷനും വിവരങ്ങൾ ചോദിക്കാൻ എൻ്റെ വീട്ടിൽ വന്നിട്ടില്ല. ഞങ്ങളുടെ കുടുംബം രാജുസഖാവിൻ്റെ മാത്രമല്ല സഖാവ് എൻ. ശിവൻപിള്ളയുടേത് കൂടിയാണ്. ഇവിടെ വരാൻ ഒരു സഖാവും ഭയപ്പെടേണ്ടതില്ല. രാജു സഖാവിൻ്റെ മൃതശരീരം പാർട്ടി ഓഫീസുകളിൽ വെക്കേണ്ടതില്ല എന്നും അദ്ദേഹത്തെ വല്ലാതെ ദ്രോഹിച്ച രണ്ട് മൂന്നു വ്യക്തികൾ ഇങ്ങോട്ട് വരേണ്ടതില്ല എന്നും പറഞ്ഞത് ഞങ്ങളുടെ കുടുംബത്തിൻ്റെ തീരുമാനമാണ്.
ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല, ശരിയായ ധാരണയിലാണ് അന്ന് ആ തീരുമാനം ഞങ്ങൾ എടുത്തത്. ഇനിയും ഈ അപമാനം തുടർന്നാൽ എന്തുകൊണ്ട് ആ തീരുമാനങ്ങൾ എടുത്തു എന്നത് തെളിവുകൾ നിരത്തിക്കൊണ്ട് പറയാൻ നിർബന്ധിതയാവും. വിവാദങ്ങൾ ഉണ്ടാക്കാനല്ല സമാധാനത്തോടെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന് ഭംഗം വരുത്താതെ മരിച്ചു പോയ രാജുവിനേയും ജീവിച്ചിരിക്കുന്ന ഞങ്ങളേയും വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നു.
പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ എറണാകുളത്തെ മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ 17 പേർക്കെതിരെ അന്വേഷണ കമ്മീഷൻ നടപടിക്ക് ശുപാർശ ചെയ്തിരുന്നു. ജില്ലയിലെ മുതിർന്ന നേതാക്കളായ സുഗതൻ, കെൽഎൻ ഗോപി, റനീഷ്, സന്ത്ജിത്ത്, എം.ടി. നിക്സൺ തുടങ്ങി 17 നേതാക്കൾക്കെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തത്. പി. രാജുവിൻ്റെ മരണം നേതാക്കൾ വിവാദമാക്കി പാർട്ടിക്ക് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയതായും കണ്ടെത്തിയിരുന്നു. സിപിഐ സംസ്ഥാനസമിതി അംഗം പി.കെ. രാജേഷിൻ്റെ നേതൃതൃത്തിൽ നടത്തിയ അന്വേഷണ കമ്മീഷൻ്റേതായിരുന്നു കണ്ടെത്തൽ.
പി. രാജുവിന്റെ മരണത്തിൽ മുതിർന്ന നേതാവ് കെ. ഇ. ഇസ്മയിൽ നടത്തിയ പ്രതികരണങ്ങളാണ് വിവാദമായത്. പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നു എന്നായിരുന്നു ഇസ്മയിലിൻ്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയിൽ തിരിച്ചെടുത്തില്ലെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നറിയില്ലെന്നും ഇസ്മയില്‍ പറഞ്ഞിരുന്നു.