fbwpx
VIDEO| ഇസ്കെമിക് ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ അർബുദം; ആളെക്കൊല്ലിയാകുന്ന വിറകടുപ്പുകൾ
logo

പ്രിയ പ്രകാശന്‍

Last Updated : 21 May, 2025 07:19 PM

ഒരാളെ വലിയ രോഗിയാക്കാന്‍ ഈ വിറകടുപ്പിന് കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പഠനം പറയുന്നത്

EXPLAINER


വിറകടുപ്പില്‍ പാകം ചെയ്ത ഭക്ഷണത്തിന്റെ രുചി... അതൊന്ന് വേറെ തന്നെയാണ്... ഫുഡ് വ്ളോഗുകളില്‍ ഇപ്പോള്‍ കൂടുതലായി കേട്ടുവരുന്ന ഡയലോഗാണിത്. ഗ്യാസ് സ്റ്റൗവും ഇലക്ട്രിക്ക് കുക്കിങ് റേഞ്ചുമൊക്കെ നിറഞ്ഞ അടുക്കളയില്‍നിന്ന് പുറത്തുകടന്നിട്ടാണ് വ്ളോഗര്‍മാരുടെ ഇത്തരം ഡയലോഗ്.


ഒരു കാലത്ത് വീടുകളിലെല്ലാം വിറക് അടുപ്പായിരുന്നു. കാലക്രമേണ അത് മാറി. വിറകടുപ്പ് ഉള്ള വീടുകള്‍ കുറഞ്ഞുവന്നു. ഇപ്പോഴുള്ളതാകട്ടെ, പുകയില്ലാത്തതരം അടുപ്പുകളാണ്. എന്നാല്‍, വിറകും ചൂട്ടുമൊക്കെ സുലഭമായി ലഭിക്കുന്ന ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും പുകയും കരിയുമൊക്കെ വരുന്ന പഴയതരം അടുപ്പ് ഉപയോഗിക്കുന്നുണ്ട്. അത് അത്ര നല്ലതല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒരാളെ വലിയ രോഗിയാക്കാന്‍ ഈ വിറകടുപ്പിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തിൽ ഏകദേശം 210 കോടി ആളുകൾ ഇപ്പോഴും വിറക്, കരി, കൽക്കരി, മണ്ണെണ്ണ, ചാണകം, പോലുള്ളവ ഉപയോഗിച്ച് പാചകം ചെയ്യുന്നുണ്ട്. അവരിൽ ഭൂരിഭാഗം പേരും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണ്. 2021ൽ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പ്രകാരം ആഗോള ജനസംഖ്യയിൽ ഗ്രാമങ്ങളില്‍ 49 ശതമാനം പേരും, നഗരങ്ങളില്‍ 14 ശതമാനം പേരുമാണ് വിറകടുപ്പുകൾ ഉപയോഗിക്കുന്നത്. പുകയും കരിയും ഉണ്ടാക്കുന്ന ഇത്തരം അടുപ്പുകള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശ സംബന്ധമായ അസുഖം മുതല്‍, പക്ഷാഘാതം, ശ്വാസകോശ അർബുദം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ ഇത് കാരണമാകുന്നു.


ALSO READVIDEO| അഞ്ചിലൊരു പെണ്‍കുട്ടി, ഏഴിലൊരു ആണ്‍കുട്ടി; ലോകത്ത് ലൈംഗികാതിക്രമം വര്‍ധിക്കുന്നു


വിറക് കത്തിക്കുന്നതിലൂടെ സൂക്ഷ്മകണിക പദാർഥങ്ങളുടെയും, അന്തരീക്ഷ വായുവിൻ്റെയും സങ്കീർണമായ ഒരു രാസ മിശ്രിതം ഉത്പാദിപ്പിക്കപ്പെടുന്നു. 10 മൈക്രോണിൽ താഴെ വലിപ്പമുള്ള - അതായത് മനുഷ്യന്റെ മുടിയുടെ വീതിയേക്കാൾ കുറവുള്ള - സൂക്ഷ്മ കണികകൾ ശ്വാസനാളത്തിലും ശ്വാസകോശത്തിലും എത്തുന്നത് ദോഷകരമായി ബാധിക്കും. അത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുക വഴി, രക്തത്തിന് ഓക്സിജൻ വഹിക്കാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.



2020ലെ കണക്ക് പ്രകാരം പ്രതിവര്‍ഷം 32 ലക്ഷം മരണത്തിന് ഗാർഹിക വായു മലിനീകരണം കാരണമായെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ അഞ്ച് വയസ്സിന് താഴെയുള്ള രണ്ട് ലക്ഷത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നു. വായു മലിനീകരണവും, ഗാര്‍ഹിക വായു മലിനീകരണവും കാരണം പ്രതിവര്‍ഷം 67 ലക്ഷം അകാല മരണങ്ങളാണ് ഉണ്ടാകുന്നത്. ഇസ്കെമിക് ഹൃദ്രോഗം, പക്ഷാഘാതം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം എന്നിവയാണ് ജീവനെടുക്കുന്ന രോഗങ്ങള്‍.



ഗാർഹിക വായു മലിനീകരണം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 32 ലക്ഷം മരണത്തില്‍ 32 ശതമാനം സംഭവിച്ചത് ഇസ്കെമിക് ഹൃദ്‌രോഗം മൂലമാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് മൂലം ഹൃദയം ദുർബലമാകുന്ന അവസ്ഥാണ് ഇസ്കെമിക് ഹൃദ്‌രോഗം. ഇതില്‍ 12 ശതമാനവും അകാലമരണമായിരുന്നു. 23 ശതമാനം പേര്‍ പക്ഷാഘാതം മൂലവും, 21 ശതമാനം പേർ ശ്വാസകോശ സംബന്ധമായ രോഗം കാരണവുമാണ് മരിച്ചത്. മൂലം 19 ശതമാനം മരണത്തിന് കാരണം ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ആയിരുന്നു. ആറ് ശതമാനം പേരുടെ മരണകാരണം ശ്വാസകോശ അര്‍ബുദം ആയിരുന്നെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.



2019ൽ ഗാർഹിക വായു മലിനീകരണം 8.6 കോടി ആളുകളുടെ ആയുര്‍ദൈര്‍ഘ്യത്തെയാണ് സാരമായി ബാധിച്ചത്. വിറക് ശേഖരിക്കുകയും, അടുക്കളയില്‍ പാചകം ചെയ്യുന്നതുമായ സ്ത്രീകളെയും, കുട്ടികളെയുമാണ് ഇത് സാരമായി ബാധിച്ചത്. നിലവില്‍ സാഹചര്യം മാറിയിട്ടുണ്ട്. വലിയതോതില്‍ മലിനീകരണം ഉണ്ടാകുന്ന അടുപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.


പുകയും കരിയുമില്ലാത്ത അടുപ്പുകളും, ഗ്യാസ് സ്റ്റൗവുകളുമൊക്കെ ഗ്രാമീണ മേഖലകളിലേക്കും എത്തിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും പരിസ്ഥിതി സൗഹൃദമായ ഇന്ധനങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കിക്കൊണ്ട്, ആരോഗ്യപരമായ അസമത്വങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന അടിവരയിടുന്നു. ഗൃഹാതുരതയുടെ പേരില്‍ പുകയും കരിയുമൊക്കെയുള്ള വിറകടുപ്പുകളെ വീണ്ടും സ്വീകരിക്കാനിരിക്കുന്നവര്‍, ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.


KERALA
പയ്യന്നൂരിൽ കൊച്ചുമകൻ്റെ മർദനമേറ്റ 88കാരി മരിച്ചു
Also Read
user
Share This

Popular

KERALA
MALAYALAM MOVIE
നാല് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വഴിത്തിരിവ്; കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ