fbwpx
"ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും തുല്യമാണ്"; മഹാരാഷ്ട്രയില്‍ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
logo

ന്യൂസ് ഡെസ്ക്

Posted : 18 May, 2025 07:26 PM

മൂന്ന് പ്രധാന ഉദ്യോഗസ്ഥരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു സിജെഐ ബി.ആർ. ​ഗവായ്‌യുടെ പ്രസ്താവന

NATIONAL

ചീഫ് ജസ്റ്റിസ് ബി.ആർ. ​ഗവായ്


ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളെപ്പറ്റി ഓർമപ്പെടുത്തി ചീഫ് ജസ്റ്റിസ് ബി.ആർ. ​ഗവായ്. മഹാരാഷ്ട്ര -​ഗോവ ബാർ അസോസിയേഷനുകള്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്തു നിന്നുണ്ടായ പ്രോട്ടോക്കോൾ വീഴ്ചയെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ‍ഡയറക്ടർ ജനറൽ ഓഫ് പൊലീസ്, മുംബൈ കമ്മീഷണർ എന്നീ മൂന്ന് പ്രധാന ഉദ്യോഗസ്ഥരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു സിജെഐ ബി.ആർ. ​ഗവായ്‌യുടെ പ്രസ്താവന.


"ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾ - ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് എന്നിവ തുല്യമാണ്. ഓരോ ഭരണഘടനാ സ്ഥാപനവും മറ്റ് സ്ഥാപനങ്ങളോട് ആദരവ് കാണിക്കുകയും അവയ്ക്ക് പകരമായി പ്രതികരിക്കുകയും വേണം. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകുകയും ആദ്യമായി മഹാരാഷ്ട്ര സന്ദർശിക്കുകയും ചെയ്യുമ്പോൾ, മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അല്ലെങ്കിൽ മുംബൈ പൊലീസ് കമ്മീഷണർ എന്നിവർക്ക് അവിടെ ഉണ്ടായിരിക്കുന്നത് ഉചിതമല്ലെന്ന് തോന്നിയാൽ, അവർ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പ്രോട്ടോക്കോളുകൾ പുതിയ കാര്യമല്ല, ഒരു ഭരണഘടനാ സ്ഥാപനം മറ്റൊന്നിന് നൽകുന്ന ബഹുമാനത്തിന്റെ പ്രശ്നമാണിത്," ബി.ആർ. ​ഗവായ് പറഞ്ഞു. ജുഡീഷ്യറിയുടെ ഭാ​ഗത്തു നിന്നുള്ള ആരെങ്കിലുമാണ് ഈ രീതിയിൽ പ്രോട്ടോക്കോൾ ലംഘിക്കുന്നതെങ്കിൽ ആർട്ടിക്കിൾ 142 നെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവരുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.


Also Read: "ഒന്നിച്ചുനില്‍ക്കണം"; സുപ്രീം കോടതിയിലെ രാഷ്ട്രപതിയുടെ റഫറന്‍സ് എതിർക്കാന്‍‌ ആവശ്യപ്പെട്ട് BJP ഇതര മുഖ്യമന്ത്രിമാർക്ക് സ്റ്റാലിന്‍റെ കത്ത്


മുംബൈയിലെ ചടങ്ങിന് ശേഷം ചീഫ് ജസ്റ്റിസ് ചൈതന്യ ഭൂമിയിലെ ബാബാസാഹേബ് അംബേദ്ക്കർ സ്മാരകവും സന്ദർശിച്ചു. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സുജാത സൗനിക്, ഡയറക്ടർ ജനറൽ ഓഫ് പോലീസ് രശ്മി ശുക്ല, മുംബൈ പൊലീസ് കമ്മീഷണർ ദേവൻ ഭാരതി എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവിടെവെച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെപ്പറ്റി ഉദ്യോ​ഗസ്ഥർ അറിയുന്നത്.



ജുഡീഷ്യറിയുടെ ഇടപെടൽ 'അതിരുകടക്കുന്നു' എന്ന ആരോപണങ്ങൾക്കിടയിലാണ് ചീഫ് ജസ്റ്റിസിന്റെ ആർട്ടിക്കിൾ 142നെപ്പറ്റിയുള്ള പരാമർശം എന്നത് ശ്രദ്ധേയമാണ്. തമിഴ്നാട് സര്‍ക്കാര്‍-ഗവര്‍ണര്‍ കേസില്‍ സംസ്ഥാന ബില്ലുകളില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച കോടതി വിധിയും രാഷ്ട്രപതിയുടെ ഇടപെടലും വലിയ തോതിൽ ചർച്ചകൾക്ക് കാരണമായിരുന്നു. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് 14 വിഷയങ്ങളില്‍ വ്യക്തത തേടിയാണ് രാഷ്ട്രപതി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് ജുഡീഷ്യറിയുടെ ചരിത്രപരമായ വിധിയെ പരിമിതപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമായിട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിശേഷിപ്പിച്ചത്.


ഏപ്രിൽ എട്ടിനാണ്, സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. തമിഴ്നാട് ഗവർണർക്കെതിരായ കേസിൽ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ മഹാദേവൻ എന്നിവരുടേതായിരുന്നു വിധി.

Also Read
user
Share This

Popular

KERALA
KERALA
മുകൾ നില പൂർണമായും കത്തി നശിച്ചു; പുതിയ സ്റ്റാൻഡിൽ വൻ തീപിടിത്തം; കോഴിക്കോട് നഗരത്തിൽ ഗതാഗത, വൈദ്യുതി നിയന്ത്രണം