കശുവണ്ടി വ്യാപാരിയുടെ കേസ് ഒതുക്കിത്തീർക്കാന്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ച കേസിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തിരുന്നു.
വിജിലൻസിൻ്റെ കൈക്കൂലി കേസിലെ പ്രതിയായ ഇഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറിന് എതിരെ ആരോപണവുമായി ബിജെപിയുടെ തൃശൂരിലെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കൊടകര കേസിൽ കള്ളപ്പണം കൈപ്പറ്റി ബിജെപി നേതാക്കൾക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയെന്ന് തിരൂർ സതീഷ് ആരോപിച്ചു. പണം കിട്ടുന്ന എന്തിനും ശേഖർ കുമാർ കൂട്ടുനിൽക്കുമെന്നും തിരൂർ സതീഷ് പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തൽ തിരൂർ സതീഷ് നടത്തിയിരുന്നു. ബിജെപി ഓഫീസിലേക്ക് കള്ളപ്പണം എത്തിച്ചുവെന്ന തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിലാണ് കേസിൽ പുനരന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
കശുവണ്ടി വ്യാപാരിയുടെ കേസ് ഒതുക്കിത്തീർക്കാന്‍ കൈക്കൂലി വാങ്ങാൻ ശ്രമിച്ച കേസിൽ ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തിരുന്നു. ഇടനിലക്കാർ മുഖേന ഇയാൾ രണ്ട് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് കണ്ടെത്തൽ.
Also Read;വീണ്ടും കാട്ടാനക്കലി: പാലക്കാട് ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം അറസ്റ്റിലായ വിൽസൺ, മുകേഷ് കുമാർ എന്നിവരുമായി ശേഖർ കുമാർ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശം. വ്യാപാരിയുടെ വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥന് കൈമാറിയ ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത് വാര്യരും പിടിയിലായിട്ടുണ്ട്. ഇയാൾ കേസില്‍ നാലാം പ്രതിയാണ്.
കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരി അനീഷ് ബാബുവിൻ്റെ കേസ് ഒഴിവാക്കുന്നതിനായി കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥനെതിരായ കേസ്. അനീഷ് ബാബുവിനെതിരെ ഇഡിക്ക് ഒരു അജ്ഞാത പരാതി ലഭിച്ചിരുന്നു. ഇഡി അസി. ഡയറക്ടർ ശേഖർ കുമാറായിരുന്നു ഈ പരാതി അന്വേഷിച്ചത്. കേസ് ഒതുക്കാൻ കോഴ ആവശ്യപ്പെട്ട കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വെളിപ്പെടുത്തലുമായി പരാതിക്കാരനായ അനീഷ് ബാബു തന്നെ രംഗത്തെത്തിയിരുന്നു.