ആയുര്‍വേദ വിധിപ്രകാരമുള്ള പല ചികിത്സാരീതികൾക്കും കര്‍ക്കിടക മാസം ഉത്തമമാണെന്ന് പറയപ്പെടുന്നു.
കര്‍ക്കിടക കഞ്ഞി
കര്‍ക്കിടക മാസം കേരളത്തില്‍ ചികിത്സയുടെ കാലം കൂടിയാണ്. ആയുര്‍വേദ വിധിപ്രകാരമുള്ള പല ചികിത്സാരീതികളും നടത്താന്‍ കര്‍ക്കിടക മാസം ഉത്തമമാണെന്ന് പറയപ്പെടുന്നു. ഔഷധസേവയും ഉഴിച്ചിലും പഞ്ചകര്‍മ്മ ചികിത്സയുമൊക്കെ ഇവയില്‍ ചിലതാണ്. കര്‍ക്കിടക ചികിത്സയിലെ മറ്റൊരു പ്രധാന ഇനമാണ് കര്‍ക്കിടക കഞ്ഞി. കേരളത്തില്‍ ശക്തമായ മഴപെയ്യുന്ന ഈ കാലത്ത് ആരോഗ്യ സംരക്ഷണത്തിന് കര്‍ക്കിടക കഞ്ഞി കഴിക്കുന്നത് രോഗപ്രതിരോധശേഷിക്കും ഗുണകരമാണ്.
ധാന്യങ്ങളും മരുന്നുപൊടികളും ചേരുവകളാക്കി തയാറാക്കുന്ന ഔഷധക്കഞ്ഞിയില്‍ ദേശഭേദമനുസരിച്ച് കൂട്ടുകളില്‍ മാറ്റങ്ങളുണ്ടാകും. രോഗപ്രതിരോധശേഷിക്കൊപ്പം ശരിയായ ദഹനത്തിനും ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ നിയന്ത്രണത്തിനും വേണ്ടിയുള്ള ചേരുവകളാകും അടിസ്ഥാനപരമായി കഞ്ഞിയില്‍ ഉണ്ടാവുക.
കൊത്തമ്പാലരി, ചെറുപുന്നയരി, കുടകപ്പാലയരി, വിഴാലരി, കാർകോകിലരി, ഏലത്തരി, ജീരകം, ഉലുവ, ആശാളി, ചുക്ക്, കൊടുവേലി, തിപ്പലി, ചെറൂള, ദേവതാരം തുടങ്ങിയവക്കൊപ്പം നവരയരി വേവിച്ചു തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്നതാണ് പൊതുവെ ഔഷധക്കഞ്ഞി. കക്കുംകായ, ബ്രഹ്‌മി, കുടങ്ങൽ എന്നീ മരുന്നുകളും ചേർക്കുന്നവരുണ്ട്.
ഔഷധക്കഞ്ഞി കൂട്ടുകള്‍ പലരീതിയില്‍ ആയുര്‍വേദ കമ്പനികള്‍ ഇക്കാലത്ത് വിപണിയിലെത്തിക്കാറുണ്ട്. കുറുന്തോട്ടി, ചെറൂള, മൂവില, ഓരില, കരിങ്കുറുഞ്ഞി, നിലപ്പന, ആടലോടകം തുടങ്ങിയ പച്ചമരുന്നുകളും അമുക്കരം, ചുക്ക്, തിപ്പലി, കുരുമുളക്, ജീരകം, ശതകുപ്പ, കരിംജീരകം, കക്കുംകായ എന്നിവയടങ്ങിയ പൊടിമരുന്നും ഇത്തരം കിറ്റുകളില്‍ കണ്ടുവരുന്നു.
മരുന്നുകള്‍ ഒഴിവാക്കി ലളിതമായി ധാന്യങ്ങള്‍ മാത്രം ഉപയോഗിച്ച് കഞ്ഞി ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. തവിടോടു കൂടിയ അരി, ഉലുവ, കടല, ഉഴുന്നുപരിപ്പ്, ചെറുപയര്‍, മുതിര, വന്‍പയര്‍, മുത്താറി, ജീരകം, തേങ്ങ എന്നിവക്കൊപ്പം മധുരത്തിനായി അല്‍പം ശര്‍ക്കര കൂടി ഈ കഞ്ഞിയില്‍ ചേര്‍ക്കാം.