സംസ്ഥാനത്ത് കോളറ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്
ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച ആൾ മരിച്ചു. തലവടി സ്വദേശി ടി.ജി. രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.
തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ രഘുവിന്റെ ആരോഗ്യനില മോശമായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രഘുവിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് രഘു മരിച്ചത്. തലവടി പഞ്ചായത്ത് ആറാം വാർഡിലാണ് രഘു താമസിച്ചിരുന്നത്. ഈ പ്രദേശത്ത് പകർച്ചവ്യാധി തടയുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു.
സംസ്ഥാനത്ത് കോളറ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരനാണ് മുൻപ് മരിച്ചത്. ഏപ്രിൽ 17നായിരുന്നു ഇയാളെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.