നായയ്ക്ക് വാക്സിനേഷൻ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നുവിട്ടതിനാലാണ് കുട്ടിയെ കടിച്ചതെന്നും കാണിച്ച് കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസ്
പത്തനംതിട്ടയിൽ പേവിഷ ബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ നായയെ വളർത്തിയ വീട്ടുകാർക്കെതിരെ കേസ്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് നടപടി. നായയ്ക്ക് വാക്സിനേഷൻ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നുവിട്ടതിനാലാണ് കുട്ടിയെ കടിച്ചതെന്നും അമ്മ പരാതിയിൽ പറയുന്നു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി (13) ആണ് ഏപ്രിൽ ഒൻപതിന് പേ വിഷബാധയെ തുടർന്ന് മരിച്ചത്.
ഡിസംബർ 13നാണ് ഭാഗ്യലക്ഷ്മിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ മൂന്നിന് കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിലാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഏപ്രിൽ 9ന് കുട്ടി മരിക്കുകയായിരുന്നു.
സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടത്.
ALSO READ: ജീവനെടുക്കുന്ന പേപ്പട്ടികളും, ഏശാത്ത വാക്സിനും; ഭീതിയോടെ നാട്
പേവിഷബാധ കാരണം മരിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ടോ, വാക്‌സിന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ, ഇവര്‍ക്ക് കുത്തിവെച്ച വാക്‌സിന്റെ കാര്യക്ഷമത, വാക്‌സിനുകള്‍ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കല്‍ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ദാരുണ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തില്‍ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്‌സിനുകള്‍ക്കുണ്ടോ എന്നും പരിശോധിക്കണം.