ഫോട്ടോ കണ്ടാൽ പോലും അറിയാത്തവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്, ആരാണ് ആന്റോ ആന്റണിയെന്നും വെള്ളാപ്പള്ളി
കെപിസിസി പ്രസിഡന്റ് മാറ്റത്തിൽ കെ. സുധാകരനെ പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. "വടക്കനായ ഈഴവനെ വെട്ടുകയാണ്. സുധാകരന് എന്തിന് മാറ്റണം. കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സുധാകരൻ. സുധാകരനിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ട്. എന്നാൽ കോൺഗ്രസ് നേതൃത്വത്തിന് ആവശ്യം ബൊമ്മകളെയാണ്. കഴിവുള്ളവനെയല്ല. സുധാകരൻ അല്ലാതെ കോൺഗ്രസ് ആരെ കൊണ്ടുവരാനാണെന്നും" വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
"സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ കെപിസിസി പ്രസിഡന്റ് ആക്കും എന്നാണ് കേൾക്കുന്നത്. അങ്ങനെയെങ്കിൽ മൂന്നാമത്തെ കേരള കോൺഗ്രസ് ഉടലെടുക്കുകയാണെന്ന് വേണം കരുതാൻ. കോൺഗ്രസ് മതേതര പാർട്ടിയെനാണ് പറയുന്നത്. ഫോട്ടോ കണ്ടാൽ പോലും അറിയാത്തവരെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ആരാണ് ആന്റോ ആന്റണി. ഓപ്പറേഷൻ സുധാകർ ആണ് ഇപ്പോൾ നടക്കുന്നത്. സിന്ദൂർ യുദ്ധത്തേക്കാൾ വലിയ യുദ്ധമാണ് കോൺഗ്രസിൽ നേതാക്കൾ തമ്മിൽ നടക്കുന്നത്. കെപിസിസി പ്രസിഡന്റിൽ മാറ്റം ഉണ്ടായാൽ കോൺഗ്രസിന്റെ നാശമാണ്" വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ALSO READ: പുരാവസ്തു തട്ടിപ്പ് കേസ്: പ്രതി മോൺസൺ മാവുങ്കലിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം
"പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പൗരന്മാർക്ക് അഭിമാനമാണെന്നും വെള്ളാപ്പള്ളി നടേശൻ. സൈന്യത്തെ ഓർത്ത് നമുക്ക് അഭിമാനിക്കാം, അവരെ അഭിനന്ദിക്കണം. നമ്മൾ ഇനിയും സൂക്ഷിക്കണം. തിരിച്ചടി ഇനിയും കൊടുക്കേണ്ടി വന്നാൽ ഇന്ത്യക്കാർ എല്ലാ പിന്തുണയും കൊടുക്കണം". സൈന്യത്തിന്ന് എല്ലാ ആത്മബലവും നൽകണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.