ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന കോടതി ഉത്തരവിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
ak balan
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ തുടർനടപടികൾ വൈകിയതിൻ്റെ കാരണം സർക്കാർ വ്യക്തമാക്കിയതാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലൻ. സ്വകാര്യത ഉറപ്പുവരുത്തി തുടർനടപടികളിലേക്ക് പോകുന്നതിനുള്ള നിയമപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരിക്കുകയാണെന്നും എ.കെ. ബാലൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കോടതിയുടെ പരാമർശത്തിൽ ജസ്റ്റിസ് ഹേമ പറഞ്ഞതിനപ്പുറം പോകാൻ സർക്കാരിന് ഇനി സാധിക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ വന്ന എല്ലാ പരാതികളും പരിശോധിച്ച് നടപടി തുടരുകയാണ്. അതിൻ്റെ ഫലമായി ചിലർക്ക് അധികാരം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.
READ MORE: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് ഊട്ടിയിൽ; കണ്ടെത്തിയത് ആറ് ദിവസത്തിനു ശേഷം
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന കോടതി ഉത്തരവിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിൻ്റെ അഭിഭാഷക പാനലിൽ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ വന്നതിനെയും അദ്ദേഹം വിമർശിച്ചു. അഭിഭാഷക പാനലിൽ വന്നതിൻ്റെ ഔചിത്യം വ്യക്തമാക്കേണ്ടത് ചാണ്ടി ഉമ്മൻ തന്നെയാണെന്ന് എ.കെ. ബാലൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നേരിടുമോ എന്നും അദ്ദേഹം ചോദിച്ചു.
വി.ഡി. സതീശൻ മത്സ്യ വണ്ടിയിൽ 150 കോടി കൊണ്ടുവന്ന കാര്യം അൻവർ പറഞ്ഞിരുന്നു. ഇതിൽ അന്വേഷണം നേരിടുമോ.? ബിജെപിയും ആർഎസ്എസുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല. ഈ പണിക്ക് നിൽക്കേണ്ട കാര്യമില്ലെ. ബിജെപിയുമായി ബന്ധമാർക്കെന്ന് ചരിത്രം പരിശോധിക്കൂ എന്നും എ.കെ. ബാലൻ പറഞ്ഞു.