രാജ്യം അതിൻ്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പ്രതിരോധ സംവിധാനങ്ങൾ, സൈനിക ഇടപെടലുകൾ തുടങ്ങിയവയെക്കുറിച്ച് സൃഷ്ടിക്കുന്ന വ്യാജ വാർത്തകൾ ഉണ്ടാക്കുക വളരെ മോശം പ്രത്യാഘാതങ്ങളാണ്
ഇന്ത്യാ-പാക് സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിരവധി വ്യാജ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രാജ്യം അതിൻ്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പ്രതിരോധ സംവിധാനങ്ങൾ, സൈനിക ഇടപെടലുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വ്യാജ വാർത്തകൾ വളരെ മോശം പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക . ഇത്തരത്തിലുള്ള വ്യാജ വാർത്തകൾക്കെതിരെ കേന്ദ്ര പ്രതിരോധ വകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.
പ്രചരിക്കുന്ന വ്യാജ വാർത്തകളും വസ്തുതയും
ഇന്ത്യൻ വനിതാ എയർ പൈലറ്റ് പാകിസ്ഥാനിൽ പിടിയിലായെന്ന തരത്തിലുള്ള പോസ്റ്റുകൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാക് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്. സ്ക്വാഡ്രൺ ലീഡർ ശിവാനി സിംഗ് പാകിസ്ഥാൻ കസ്റ്റഡിയിലാണെന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ ഈ അവകാശവാദം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിബിഐ) വ്യക്തമാക്കിയിട്ടുണ്ട്.
"ഇന്ത്യൻ വനിതാ വ്യോമസേന പൈലറ്റിനെ പിടികൂടിയിട്ടില്ല. ഇന്ത്യൻ വനിതാ വ്യോമസേന പൈലറ്റ് സ്ക്വാഡ്രൺ ലീഡർ ശിവാനി സിംഗ് പാകിസ്ഥാനിൽ പിടിക്കപ്പെട്ടുവെന്ന അവകാശവാദം വ്യാജമാണ്," പിഐബി വസ്തുതാ പരിശോധന എക്സിൽ പോസ്റ്റ് ചെയ്തു.
വ്യോമപ്രതിരോധ മിസൈൽ സംവിധാനമായ S - 400 ന് കേടുപാടുകൾ സംഭവിച്ചുവെന്ന വാർത്തയും പ്രതിരോധ വൃത്തങ്ങൾ തള്ളി. S - 400 ന് കേടുപാടുകളില്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും വിംഗ് കമാൻഡർ വ്യോമിക സിംഗ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യ-പാക് രൂക്ഷമാകുന്ന് സാഹചര്യത്തിൽ ഇന്ത്യൻ സൈനികർ കരയുകയും അവരുടെ പോസ്റ്റുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നു എന്നതരത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നതാണ് മറ്റൊന്ന്. എന്നാൽ ഇത് ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായി.
പരിശോധനയിൽ പ്രചരിക്കുന്ന പോസ്റ്റിലെ ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ഇൻഡോർ ഫിസിക്കൽ അക്കാദമി എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നും ലഭിച്ചു. ഏപ്രിൽ 27നാണ് പേജിൽ വീഡിയോ പോസ്റ്റ് ചെയ്‌തത്. സ്വകാര്യ പ്രതിരോധ പരിശീലന സ്ഥാപനത്തിലെ വിദ്യാർഥികൾ ഇന്ത്യൻ സൈന്യത്തിലേക്കുള്ള സെലക്ഷൻ ആഘോഷിക്കുന്നതാണ് ഇതിലുള്ളത്. അതായത് ഇന്ത്യൻ സൈനികർ കരയുന്നു എന്ന പ്രചരണം തെറ്റാണ് പിഐബി എക്‌സിൽ പറഞ്ഞു.
ജമ്മുകശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിന് ചുറ്റും ഏകദേശം 10 സ്ഫോടനങ്ങൾ നടന്നതായി അൽ ജസീറ ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ആധികാരിക വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം. തെറ്റിദ്ധരിപ്പിക്കുന്നതും, ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ അവകാശവാദങ്ങളിൽ വീഴരുതെന്നും പിബിഐ പറഞ്ഞു.
ജയ്പൂർ വിമാനത്താവളത്തിൽ സ്ഫോടന ശബ്ദം കേട്ടെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് വ്യാജമാണെന്നും ജയ്പൂർ വിമാനത്താവളം സുരക്ഷിതമാണെന്നും ജയ്പൂർ ജില്ലാ കളക്ടറും, മജിസ്ട്രേറ്റും തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ പോസ്റ്റ് നശിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചരിക്കുന്നത് നാല് വർഷം മുമ്പുള്ള വീഡിയോ ആണെന്നും ഓപ്പറേഷൻ സിന്ദൂറുമായി ഇതിന് ബന്ധമില്ലെന്നും പിബിഐ വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോ 2020 നവംബർ 15-നാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.
ഇന്ത്യാ-പാക് സംഘർഷങ്ങൾ തുടരുന്ന ഈ സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതും, ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമായ ധാരാളം വാർത്തകളാണ് സൈബറിയങ്ങളിൽ പ്രചരിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളിൽ വിശ്വസിക്കാതെ ആധികാരികമായ വിവരങ്ങൾ മാത്രം പങ്കുവെയ്ക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.