50 കൊലപാതകങ്ങളെങ്കിലും ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്
'ഡോക്ടര്‍ ഡെത്ത്' എന്ന പേരില്‍ കുപ്രസിദ്ധനായ സീരിയല്‍ കില്ലര്‍ ദേവേന്ദ്ര ശര്‍മയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ഞായറാഴ്ചയാണ്. രാജസ്ഥാനിലെ ദൗസയിലെ ആശ്രമത്തില്‍ പുരോഹിതിന്റെ വേഷത്തില്‍ കഴിഞ്ഞു വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
നിരവധി പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന ദേവേന്ദ്ര ശര്‍മ 2023 ല്‍ പരോളില്‍ പുറത്തിറങ്ങിയതിനു ശേഷം ഒളിവില്‍ കഴിയുകയായിരുന്നു.
ആയുര്‍വേദ ഡോക്ടറായിരുന്ന ദേവേന്ദ്ര നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലെ മുതലകള്‍ നിറഞ്ഞ കാസ്ഖഞ്ച് കനാലില്‍ വലിച്ചെറിയുകയായിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് കൊലക്കേസുകളില്‍ പ്രതിയായ ദേവേന്ദ്ര ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലിലായിരുന്നു. ഇവിടെ നിന്നാണ് പരോളിന് പുറത്തിറങ്ങി ഒളിവില്‍ പോയത്.
ടാക്‌സി ഡ്രൈവര്‍മാരെയും ട്രക്ക് ഡ്രൈവര്‍മാരെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 2022 നും 2004 നും ഇടയിലായിരുന്നു കൊലപാതകങ്ങള്‍. യാത്രകള്‍ക്കായി ഡ്രൈവര്‍മാരെ വിളിച്ചു വരുത്തിയതിനു ശേഷം കൊലപ്പെടുത്തി വാഹനങ്ങള്‍ മറിച്ചു വില്‍ക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ആദിത്യ ഗൗതം വിശദീകരിച്ചു.
ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാനായി മുതലകള്‍ നിറഞ്ഞ കനാലില്‍ ഉപേക്ഷിക്കും. കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച എന്നീ കുറ്റകൃത്യങ്ങളില്‍ 27 കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
1998 നും 2004 നും ഇടയില്‍ അനധികൃതമായി വൃക്ക മാറ്റിവെക്കല്‍ റാക്കറ്റ് നടത്തിയതിലൂടെയാണ് ഇയാള്‍ കുപ്രസിദ്ധനായത്. നിരവധി സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടേയും ഇടനിലക്കാരുടേയും സഹായത്തോടെ അനധികൃതമായി 125 ഓളം വൃക്കമാറ്റിവെക്കല്‍ നടത്തിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.
1994 ല്‍ ഗ്യാസ് ഡീലര്‍ഷിപ്പ് ഇടപാടില്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടായതോടെയാണ് ഇയാള്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞത്. ഒരു വര്‍ഷത്തിനു ശേഷം വ്യാജ ഗ്യാസ് ഏജന്‍സി തുടങ്ങി. ഇതിനു ശേഷമാണ് അവയവ വ്യാപാരത്തിലേക്ക് തിരിഞ്ഞത്. ഇതിനു ശേഷം ടാക്‌സി ഡ്രൈവര്‍മാരെ തിരഞ്ഞുപിടിച്ച് കൊല്ലുന്നതിലേക്ക് എത്തി.
ALSO READ: Alcatraz | ദി ഗ്രേറ്റ് എസ്‌കേപ്പ് ഫ്രം അല്‍കട്രാസ്
വാടകയ്ക്ക് ടാക്‌സി വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് എത്തുമ്പോള്‍ ഡ്രൈവറെ കൊലപ്പെടുത്തും. മൃതദേഹം മുതലക്കുളത്തില്‍ ഉപേക്ഷിച്ച് വാഹനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കും. ഇതായിരുന്നു രീതി.
2004 ലാണ് കൊലപാതകങ്ങളിലും കിഡ്‌നി റാക്കറ്റ് ബന്ധത്തിലും ആദ്യമായി അറസ്റ്റിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് കൊലപാതകങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞു. തുടര്‍ന്ന് ഗുരുഗ്രാം കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു. 50 കൊലപാതകങ്ങളെങ്കിലും ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
2023 ല്‍ തിഹാര്‍ ജയിലില്‍ നിന്നും പരോളിലിറങ്ങിയ പ്രതി ഇവിടെ നിന്ന് മുങ്ങി രാജസ്ഥാനിലെ ആശ്രമത്തില്‍ പുരോഹിതന്റെ വേഷത്തില്‍ കഴിഞ്ഞു വരികയായിരുന്നു. അലിഘഡ്, ജയ്പൂര്‍, ഡല്‍ഹി, ആഗ്ര, പ്രയാഗ് രാജ് എന്നിവിടങ്ങളിലായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജസ്ഥാനില്‍ നിന്നും പിടിയിലാകുന്നത്.
നേരത്തേയും ഇയാള്‍ പരോളിലിറങ്ങി മുങ്ങിയതായി പൊലീസ് പറയുന്നു. 2020 ല്‍ ഇരുപത് ദിവസം പരോളിലിറങ്ങിയ പ്രതി ഏഴ് മാസത്തോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്. 2023 ജൂണിലാണ് വീണ്ടും രണ്ട് മാസത്തെ പരോള്‍ ലഭിക്കുന്നത്.