തുടർന്ന് ഇ. കെ. വിജയൻ എംഎൽഎയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് രാവിലെ കായക്കൊടിയിൽ പരിശോധന നടത്തി.
ഭൂചലനത്തിന് സമാനമായ പ്രതിഭാസം ഉണ്ടായ കോഴിക്കോട് കായക്കൊടിയിൽ വിദഗ്ധ സംഘം പ്രാഥമിക പരിശോധന നടത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഭൂമിക്കടിയിലെ ചെറിയ ചലനങ്ങളാകാം പ്രതിഭാസത്തിന് കാരണമെന്നും പരിശോധനക്ക് ശേഷം ജിയോളജിസ്റ്റ് ഡോ. സി. എസ്. മഞ്ജു പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 7.30 നും, ശനിയാഴ്ച രാത്രി 8 മണിക്കുമാണ് കുറ്റ്യാടി കായക്കൊടിയിലെ എളീക്കാംപാറയിലും പരിസരപ്രദേശങ്ങളിലും ഭൂചലനത്തിന് സമാനമായ പ്രതിഭാസം ഉണ്ടായത്. ഉഗ്ര ശബ്ദം കേട്ടതോടെ നാട്ടുകാർ വീടുകൾക്കുള്ളിൽ നിന്നും പുറത്തേക്ക് ഓടി. തുടർന്ന് ഇ. കെ. വിജയൻ എംഎൽഎയുടെ ആവശ്യപ്രകാരം ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് രാവിലെ കായക്കൊടിയിൽ പരിശോധന നടത്തി.
ജിയോളജിസ്റ്റ് ഡോ. മഞ്ജു സി എസ്, ഡെപ്യൂട്ടി തഹ്സിൽദാർ ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജിയോളജിസ്റ്റ് അറിയിച്ചു. സംഭവത്തിൽ സമഗ്ര പരിശോധന ആവശ്യമെന്ന് ഇ. കെ. വിജയൻ എംഎൽഎ പറഞ്ഞു.
മുൻപും മേഖലയിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്രശബ്ദം കേട്ടിട്ടുള്ളതായും, ഇടിമിന്നൽ അപകടങ്ങൾ കായക്കൊടി പഞ്ചായത്തിൻ്റെ ഒരു പ്രദേശത്ത് മാത്രം കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും പ്രദേശവാസികൾ വിദഗ്ധ സംഘത്തെ അറിയിച്ചു. പരിശോധന റിപ്പോർട്ട് ജിയോളജിസ്റ്റ് നാളെ ജില്ലാ കളക്ടർക്ക് കൈമാറും.