പ്രതി മുജീബ് റഹ്മാൻ്റെ മൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസും കേന്ദ്ര ഏജൻസികളും
കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിൻ്റെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ച കേസിലെ പ്രതി മുജീബ് റഹ്മാൻ്റെ മൊഴികളിൽ വൈരുദ്ധ്യം. പ്രതിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസും കേന്ദ്ര ഏജൻസികളും. പ്രതി നൽകിയ മനോരോഗ സർട്ടിഫിക്കറ്റ് വ്യാജമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
മനോരോഗ സർട്ടിഫിക്കറ്റ് എന്ന പേരിൽ ലഹരിവിമോചന കേന്ദ്രത്തിലെ സർട്ടിഫിക്കറ്റാണ് ഇയാൾ ഹാജരാക്കിയത്. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറേയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. പ്രതിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ, മുജീബ് റഹ്മാൻ്റെ ലക്ഷ്യം മനസിലാക്കാനായി അന്വേഷണ സംഘം ശ്രമം തുടങ്ങി. പ്രതിയുടെ ഫോൺ കോൾ രേഖകളും,യാത്രാ വിവരങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ഏജൻസികൾ.
ALSO READ: കൊടുങ്ങല്ലൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ വഖഫ് സ്വത്ത് തട്ടിയെടുത്തതായി പരാതി; സമരവുമായി വിശ്വാസികൾ
ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷത്തിനിടെയായിരുന്നു മുജീബ് കൊച്ചി നേവൽ ബേസിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ കൊച്ചി നേവൽ ബേസ് ആസ്ഥാനത്തെ ലാൻ്റ് ഫോണിൽ കോളെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന വിളിച്ചാണ് പ്രതി ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. രാഘവൻ എന്നായിരുന്നു ഇയാൾ പറഞ്ഞ പേര്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കോഴിക്കോട് സ്വദേശി നിരീക്ഷണത്തിലാണെന്നും ഫോൺ ചെയ്ത ആളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചതായും അധികൃതർ നേരത്തേ പുറത്തുവിട്ടിരുന്നു.