ബാങ്കിങ് സ്ഥാപനം നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയത്. സർട്ടിഫിക്കറ്റ് വന്ന ഇ മെയിൽ തെളിവായതിനാൽ തലനാരിഴയ്ക്കാണ് ചെറുപ്പക്കാരൻ കേസിൽ നിന്നും രക്ഷപ്പെട്ടത്.
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങൾ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകുന്നത് വ്യാപകമെന്ന് കണ്ടെത്തൽ. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാൻകാർഡ് ഉൾപ്പെടെയാണ് വ്യാജമായി നിർമ്മിച്ചു നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് മലയാളം നടത്തിയ അന്വേഷണം
അക്ഷയ സെൻ്റർ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകുന്നത് പുതിയ സംഭവമല്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ചു നൽകിയതിന് നെയ്യാറ്റിൻകരയിൽ അക്ഷയ ജീവനക്കാരി പിടിയിലാകും വരെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയിൽ ആർക്കും സംശയം തോന്നിയിരുന്നില്ല. തിരുവനന്തപുരം മാറനല്ലൂർ സ്വദേശിക്ക് ഊരൂട്ടമ്പലം അക്ഷയ സെൻ്ററിൽ നിന്ന് നൽകിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വ്യാജമെന്ന് തെളിഞ്ഞു.
സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ ജോലിയ്ക്കായാണ് മാറനല്ലൂർ സ്വദേശി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനു വേണ്ടി ഓൺലൈനായി അപേക്ഷിച്ചത്. 700 രൂപ ഫീസും അടച്ചു . ഒരാഴ്ചയ്ക്ക് ശേഷം ഇ മെയിലിൽ അക്ഷയ സെൻ്റർ ജീവനക്കാരി സർട്ടിഫിക്കറ്റ് അയച്ചു നൽകി. സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയിൽ പ്രവേശിച്ച ശേഷമാണ് തട്ടിപ്പ് പുറത്തറിയുന്നത്. ബാർകോഡ് സ്കാൻ ചെയ്യുമ്പോൾ ലഭിക്കുന്നത് മറ്റൊരാളും പേരും വിലാസവും.
ബാങ്കിങ് സ്ഥാപനം നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയത്. സർട്ടിഫിക്കറ്റ് വന്ന ഇ മെയിൽ തെളിവായതിനാൽ തലനാരിഴയ്ക്കാണ് ചെറുപ്പക്കാരൻ കേസിൽ നിന്നും രക്ഷപ്പെട്ടത്.
Also Read; കനത്ത മഴ തുടരുന്നു; ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ!
അക്ഷയ സെൻ്ററുകൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നത് ആദ്യമായല്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട അക്ഷയ സംസ്ഥാന പ്രോജക്ട് ഓഫീസ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പരീക്ഷ കൺട്രോളറുടെ നിർദേശപ്രകാരമായിരുന്നു സർക്കുലർ. എന്നാൽ നിർദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യകതമാക്കുന്നതായിരുന്നു നെയ്യാറ്റിൻകരയിലെ വ്യാജസർട്ടിഫിക്കറ്റ് കേസ്.
ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുന്നതിന് അക്ഷയ സെൻ്ററുകൾക്ക് മാനദണ്ഡം നിർദേശിച്ചിട്ടുണ്ട്. പല അക്ഷയ കേന്ദ്രങ്ങളും ആവശ്യം കഴിഞ്ഞാൽ രേഖകൾ കത്തിച്ചുകളയുകയാണ് പതിവ്.എന്നാൽ ചിലയിടങ്ങളിൽ ഈ രേഖകൾ മറ്റുള്ളവർക്ക് കൈമാറുന്നു. ഈ രേഖകൾ കരസ്ഥമാക്കി പണം തട്ടുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായും പരാതിയുണ്ട്.
നേരത്തെ ഭൂമി തരംമാറ്റൽ അപേക്ഷകളുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായപ്പോൾ വിജിലൻസ് പരിശോധന കർശനമാക്കിയിരുന്നു. അക്ഷയ സെന്ററുകൾ അനുവദിക്കുന്നതു മുതൽ പ്രവർത്തിക്കുന്നതിലും ജനങ്ങളോടുള്ള പെരുമാറ്റത്തിൽ വരെ കൃത്യമായ മാനദണഡങ്ങൾ ഉണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ല.
എല്ലാ അക്ഷയ കേന്ദ്രങ്ങളും ഇങ്ങനെയാണെന്നല്ല. ഭൂരിഭാഗം സെൻററുകളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിലും ചില പുഴുക്കുത്തുകൾ ഉണ്ടെന്നതിൽ സംശയമില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ സാധാരണക്കാരാകും അഴിക്കുള്ളിലാവുക.