ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കുർ വിഹാറിലെ എസ്ഐ വീരേന്ദ്ര മിശ്രയുടെ ദേഹത്തേക്കാണ് മേൽക്കൂര തകർന്നുവീണത്
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കനത്ത മഴയെത്തുടർന്ന് എസിപി ഓഫീസിൻ്റെ മേൽക്കൂര തകർന്നുവീണ് സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കുർ വിഹാറിലെ എസ്ഐ വീരേന്ദ്ര മിശ്രയുടെ ദേഹത്തേക്കാണ് മേൽക്കൂര തകർന്നുവീണത്. വീരേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം, ഓഫീസിലായിരുന്നു താമസിച്ചിരുന്നത്.
"കനത്ത മഴയിലും കാറ്റിലും ഓഫീസിന്റെ മേൽക്കൂര തകർന്നുവീണു. അവശിഷ്ടങ്ങൾ കട്ടിലിൽ ഉറങ്ങുകയായിരുന്ന എസ്‌ഐയുടെ മേൽ വീണു.മേൽക്കൂര തകർന്ന വിവരം ഞങ്ങൾ രാവിലെയാണ് അറിഞ്ഞത്. പക്ഷേ അപ്പോഴേക്കും എസ്‌ഐ മരിച്ചിരുന്നു", അങ്കുർ വിഹാർ എസിപി അജയ് കുമാർ സിങ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് അറിയിച്ചു.
ALSO READ: ഡൽഹിയിൽ കനത്ത മഴ; വിമാന സർവീസുകളെ ബാധിച്ചു, വെള്ളക്കെട്ട് രൂക്ഷം
അതേസമയം, ഡൽഹിയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. അടുത്ത മണിക്കൂറുകളിലും അതിതീവ്ര മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.
നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നിരവധി റോഡുകളും അടിപ്പാതകളും വെള്ളത്തിനടിയിലായത് ഗതാഗതത്തിന് വലിയ തടസമാണുണ്ടാക്കുന്നത്. മിൻ്റോ റോഡ്, ഹുമയൂൺ റോഡ്, ശാസ്ത്രി ഭവൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും 100ലധികം വിമാനങ്ങളെയാണ് ബാധിച്ചത്. കാറ്റിനെ തുടർന്ന് 25 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. യാത്രക്കാരോട് പുതിയ അപ്‌ഡേറ്റുകൾക്കായി അതത് എയർലൈനുകൾ പരിശോധിക്കാൻ വിമാനത്താവളം നിർദേശം നൽകിയിട്ടുണ്ട്.
ALSO READ: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; സാമ്പത്തികശക്തിയില്‍ ജപ്പാനെ മറികടന്ന് ഇന്ത്യ
തുറസായ സ്ഥലങ്ങൾ ഒഴിവാക്കാനും, മരങ്ങൾക്കടിയിൽ അഭയം പ്രാപിക്കാതിരിക്കാനും, ദുർബലമായ മതിലുകളിൽ നിന്നും അസ്ഥിരമായ ഘടനകളിൽ നിന്നും മാറിനിൽക്കാനും, ജലാശയങ്ങൾക്ക് സമീപം പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.