അച്ചടക്കം, കഠിനാധ്വാനം, സമൂഹത്തിന് സംഭാവന നൽകാനുള്ള ആഗ്രഹം എന്നിവയാണ് ഈ യാത്രയിലുടനീളം എന്നെ നയിച്ചതെന്ന് കാശിഷ് ചൗധരി പറഞ്ഞു
ബലൂചിസ്ഥാനിൽ ചരിത്രം കുറിച്ച് 25കാരിയായ കാശിഷ് ചൗധരി. ഹിന്ദു വിഭാഗത്തിൽപെട്ട കാശിഷ് ചൗധരി ബലൂചിസ്ഥാനിലെ അസിസ്റ്റൻ്റ് കമ്മീഷണറായാണ് ചുമതലയേറ്റത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആദ്യമായി അസിസ്റ്റന്‍റ് കമ്മീഷണര്‍ പദവിയിലെത്തിയ വനിതയെന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ കാശിഷ് ചൗധരി സ്വന്തമാക്കിയത്.
"മൂന്ന് വർഷത്തെ നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് ബലൂചിസ്ഥാൻ പബ്ലിക് സർവീസ് പരീക്ഷ പാസാകുന്നത്. ദിവസവും കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ് നടത്തും" എന്ന് കാശിഷ് ചൗധരി പറഞ്ഞതായി എസ്എഎംഎഎ ന്യൂസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അച്ചടക്കം, കഠിനാധ്വാനം, സമൂഹത്തിന് സംഭാവന നൽകാനുള്ള ആഗ്രഹം എന്നിവയാണ് ഈ യാത്രയിലുടനീളം എന്നെ നയിച്ചതെന്ന് കാശിഷ് ചൗധരി വെളിപ്പെടുത്തി.
ALSO READ: പാക് പിടിയിലായിരുന്ന ബിഎസ്എഫ് ജവാന് മോചനം; അട്ടാരി അതിർത്തിയിൽ വെച്ച് പൂർണം കുമാറിനെ കൈമാറി
"എൻ്റെ മകൾ അവളുടെ കഠിനാധ്വാനവും പ്രതിബദ്ധതയും കാരണം അസിസ്റ്റന്റ് കമ്മീഷണറായി എന്നത് എനിക്ക് വളരെയധികം അഭിമാനകരമായ കാര്യമാണ്."കാശിഷ് ചൗധരിയുടെ പിതാവ് ഗിർധാരി ലാൽ പറഞ്ഞു. പഠിക്കാനും സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനും ചൗധരി എപ്പോഴും സ്വപ്നം കണ്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തിയുമായി ചൗധരിയും പിതാവും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുമെന്നും പ്രവിശ്യയുടെ മൊത്തത്തിലുള്ള വികസനം പരിഗണിക്കുമെന്നും അവർ മുഖ്യമന്ത്രിയോട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
"ന്യൂനപക്ഷ സമുദായാംഗങ്ങൾ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പ്രധാന സ്ഥാനങ്ങളിൽ എത്തുന്നത് രാജ്യത്തിന് അഭിമാനകരമാണ്. കാശിഷ് രാജ്യത്തിൻ്റെയും ബലൂചിസ്ഥാൻ്റെയും അഭിമാനത്തിൻ്റെ പ്രതീകമാണ്," മുഖ്യമന്ത്രി സർഫറാസ് ബുഗ്തി പറഞ്ഞു. പാകിസ്ഥാനിലെ പുരുഷാധിപത്യ മേഖലകളിൽ നിന്നും ശ്രദ്ധേയമായ വിജയം നേടിയ ഹിന്ദു സമൂഹത്തിൽ നിന്നുള്ള ഒരാളായി കാശിഷ് ചൗധരി തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നുവെന്ന് വാർത്താ ഏജൻസി പിടിഐ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.