കെ.കെ. രാഗേഷ് ഒഴിഞ്ഞ സാഹചര്യത്തിലാണ് എ. പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്
മുന്‍ എംഎല്‍എ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കെ.കെ. രാഗേഷ് ഒഴിഞ്ഞ സാഹചര്യത്തിലാണ് എ. പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയാണ്. എസ്എഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായിരുന്നു. കോഴിക്കോട് എംഎല്‍എ ആയിരുന്ന കാലയളവില്‍ സ്‌കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പാക്കിയ പ്രിസം പദ്ധതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഏല്‍പ്പിച്ച ഉത്തരവാദിത്തം നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് എ. പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പായും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭാംഗമായി. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനോട് പരാജയപ്പെട്ടു.