പാകിസ്ഥാനിലെ നാല് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്റെ പ്രതികാര സൈനിക നടപടി.
ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്' എന്ന പേരിലാണ് സൈനിക നടപടികള്‍ക്ക് തുടക്കമിട്ടതെന്ന് ഡോണ്‍, റേഡിയോ പാകിസ്ഥാന്‍ ഉള്‍പ്പെടെ പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റോയിട്ടേഴ്സ്, അല്‍ ജസീറ പോലുള്ള രാജ്യാന്തര വാര്‍ത്താ ഏജന്‍സികളും മാധ്യമങ്ങളും പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. 'തകര്‍ക്കാനാകാത്ത മതില്‍' എന്നാണ് ബുന്‍യാനു മര്‍സൂസ് എന്ന വാക്കിന്റെ അര്‍ഥം. സൈനിക നീക്കത്തിന്റെ ഭാഗമായി ഇന്ത്യയില്‍ കനത്ത നാശം വിതച്ചതായാണ് പാക് അവകാശവാദം.
പാകിസ്ഥാനിലെ നാല് വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചതിനെ തുടര്‍ന്നാണ് പാകിസ്ഥാന്റെ പ്രതികാര സൈനിക നടപടി. രാജ്യത്തെ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ പാക് സൈന്യം പ്രതിരോധിച്ചെന്നും മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടെന്നുമൊക്കെയാണ് അവകാശവാദം. ഇന്ത്യയുടെ അതിര്‍ത്തി കടന്നും ആക്രമണം നടത്തി, ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, ബ്രഹ്മോസ് മിസൈല്‍ സംഭരണ കേന്ദ്രം, എസ്-400 വ്യോമ പ്രതിരോധ സംവിധാനം, പത്താന്‍കോട്ടും ഉദ്ധംപൂരിലുമുള്ള വ്യോമതാവളങ്ങള്‍, രജൗരിയിലെ മിലിറ്ററി ഇന്റലിജന്‍സ് പരിശീലന കേന്ദ്രം എന്നിവ തകര്‍ത്തു എന്നു തുടങ്ങി സൈബര്‍ ആക്രമണങ്ങളിലൂടെ ഇന്ത്യയുടെ ഇലക്ട്രിസിറ്റി ഗ്രിഡിന്റെ 70 ശതമാനം പ്രവര്‍ത്തനരഹിതമാക്കി എന്നുവരെ നീളുന്നു പാക് അവകാശവാദം.
സൈന്യത്തിന്റെ ഇത്തരം അവകാശവാദങ്ങള്‍ അടിസ്ഥാനമാക്കിയാണ് പാക് മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിടുന്നത്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് കനത്ത സാമ്പത്തികനഷ്ടം വരെ ഉണ്ടായി, സൈബര്‍ ആക്രമണത്തില്‍ പ്രധാന നഗരങ്ങളിലെ വൈദ്യുതി ബന്ധം തടസപ്പെട്ടു, പാക് ഡ്രോണുകള്‍ ഡല്‍ഹിയില്‍ വരെ പറന്നെത്തി എന്നിങ്ങനെയാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. വ്യാജവാര്‍ത്തകളും പ്രചാരണങ്ങളുമാണെന്ന് ഇന്ത്യ തെളിവ് സഹിതം പൊളിച്ചടുക്കിയ കാര്യങ്ങളാണ് പാകിസ്ഥാനും, പാക് മാധ്യമങ്ങളും അവകാശവാദങ്ങളായി വീണ്ടും വീണ്ടും പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്.