ഇന്ന് യൂണിവേഴ്സിറ്റിയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിലിലാണ് തീരുമാനം
വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന പൂക്കോട് വെറ്ററിനറി കോളേജ് മുൻ ഡീനിനെയും മുൻ അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു. ഡീൻ എം കെ നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥിനെയുമാണ് തിരിച്ചെടുത്തത്.
ആറു മാസത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് പാലക്കാട് തിരുവാഴംകുന്ന് കോളേജ് ഓഫ് ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റിലേക്കാണ് ഇരുവർക്കും നിയമനം.ഇന്ന് യൂണിവേഴ്സിറ്റിയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിലിലാണ് തീരുമാനം.ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ അച്ചടക്ക നടപടികൾക്ക് മുതിരാതിരുന്നത്.
സിദ്ധാർഥിൻ്റെ മരണത്തിൽ ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. സംഭവത്തിൽ ഇരുവരും വിശദീകരണം നൽകിയിരുന്നുവെങ്കിലും സർവകലാശാല വൈസ് ചാൻസലർ ഡോ, പി .സി ശശീന്ദ്രൻ വിശദീകരണം തള്ളിയിരുന്നു.